കോട്ടയം: നഗരപരിധിയിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ പരാതി വ്യാപകം. കഴിഞ്ഞ ആറു മാസത്തിനിടെ 23 പരാതികളാണ് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് തട്ടുകടകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസ് ലഭിച്ച് ആദ്യ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവർ വൃത്തിയായി തുടർന്നത്. പരിശോധനയും, നോട്ടീസിന്റെ കാലവും കഴിഞ്ഞതോടെ വീണ്ടും അന്തരീക്ഷം മോശമായി.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്. ഇവിടെ നിന്നു ലഭിക്കുന്ന ഭക്ഷണം ഏറ്റവും മോശമാണെന്നാണ് പരാതി. ഇതു കൂടാതെ മോശമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നു, ഭക്ഷണം തുറന്ന് സൂക്ഷിക്കുന്നു, ഭക്ഷണത്തിൽ ആവശ്യത്തിലധികം നിറം ചേർക്കുന്നു, ജീവനക്കാർ മോശമായി പെരുമാറുന്നു എന്നത് അടക്കമുള്ള പരാതികളാണ് പ്രധാനമായും ഉയർന്നിരിക്കുന്നത്. ഇതു കൂടാതെയാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതിന്റെ അവശിഷ്‌ടങ്ങളും, മാലിന്യങ്ങളും, അഴുക്ക് വെള്ളവും നഗരത്തിലെ ഓടകളിലേയ്‌ക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരിക്കുന്നത്.

വൈകിട്ട് അഞ്ചര മുതൽ രാത്രി 12 വരെയാണ് തട്ടുകടകൾക്ക് തുറന്നു വയ്‌ക്കാൻ അനുവാദം ഉള്ളത്. എന്നാൽ, നഗരത്തിലെ പല തട്ടുകടകളും നേരം പുലരും വരെ തുറന്നു വയ്‌ക്കുന്നത് പതിവാണ്. എന്നാൽ, ഇതിനെതിരെ നടപടിയെടുക്കേണ്ട നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും തട്ടുകടക്കാർക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല. തോന്നും പടി അടയ്‌ക്കുകയും, തോന്നും പടി തുറക്കുകയുമാണ് ചെയ്യുന്നത്.