കുറവിലങ്ങാട് : ഇഷ്ടവാഹനമായ ഓട്ടോറിക്ഷയിൽ വധു കതിർമണ്ഡപത്തിലേക്ക്, അതും സാരഥിയായി. അകമ്പടിയേകി 25 ഓട്ടോകൾ വേറെയും. കുറിച്ചിത്താനം പൂത്തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങാണ് കൗതുകകരമായ ഓട്ടോയാത്രയ്ക്ക് സാക്ഷിയായത്. ഉഴവൂർ ടൗണിൽ 25 വർഷത്തിലേറെയായി ഓട്ടോ ഓടിക്കുന്ന പെരുന്താനം മാമലയിൽ മോഹനൻ നായരുടെയും ലീലാമണിയുടെയും മകൾ മഹിമ ആയിരുന്നു വധു. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാൽ - പുഷ്പ ദമ്പതികളുടെ മകൻ സൂരജ് ആയിരുന്നു വരൻ. കൃഷിക്കാരനായ മോഹൻനായർക്ക് രണ്ട് ഓട്ടോറിക്ഷകളുണ്ട്. ഇരുപതാം വയസിൽ ലൈസൻസ് എടുത്ത മഹിമ അച്ഛനെ സഹായിക്കാൻ പഠനത്തിന്റെ ഇടവേളകളിൽ ഓട്ടോ ഓടിക്കാറുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട സൂരജുമായുള്ള വിവാഹം നിശ്ചയിച്ചപ്പോഴേ വിവാഹവാഹനവും മഹിമ ഉറപ്പിച്ചിരുന്നു. മഹിമയുടെ ആഗ്രഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളി. ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ മഹിമയ്‌ക്കൊപ്പം കൂട്ടുകാരികളായ ദിവ്യ,അമ്പിളി,ആദിത്യ എന്നിവരുമുണ്ടായിരുന്നു. വരന്റെ വീട്ടിലേക്കുള്ള യാത്രയും ഓട്ടോയിലായിരുന്നു.