പാലാ : ഭക്തിയുടെ വിഭ്രമാത്മകതയിൽ കിടിലം കൊണ്ട മനസായിരുന്നൂ കടപ്പാട്ടൂർ മഠത്തിൽ പാച്ചുനായരുടേത്. ഇന്നലെ പുലർച്ചെ ഇഹലോകവാസം വെടിയും വരെ 'കടപ്പാട്ടൂരപ്പനെ' ആദ്യം 'കണ്ടതിന്റെ ' ഭക്തിലഹരി ആ കണ്ണുകളിലും മനസിലുമുണ്ടായിരുന്നു. വെട്ടിയ മരം മറുകുറ്റി പാഞ്ഞപ്പോൾ പകച്ച് ഒരുവേള ബോധരഹിതനായെങ്കിലും പിന്നീട് പാച്ചുനായർ ഉണർന്നത് ഭഗവദ് സന്നിധിയില്ലായിരുന്നല്ലോ!

അതേ സാദാ മരം വെട്ടുകാരനിൽ നിന്നു പരമഭക്തനിലേയ്ക്കുള്ള യാത്രയായിരുന്നു പാച്ചുനായരുടേത്.
കടപ്പാട്ടൂർ മഠത്തിൽ കേശവൻ നായരുടെയും ഗൗരിയമ്മയുടെയും മകനായി 1932 ലായി രുന്നു ജനനം. നിത്യവൃത്തിക്കായി മരം വെട്ടും കൂലിവേലയുമായിരുന്നു തൊഴിൽ. 1960 ജൂലായ് 14നാണ് പാച്ചുനായരുടെ ജീവിതത്തെ ആകെ മാറ്റിമറിച്ച ആ അപൂർവ സംഭവമുണ്ടായത്. ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞർ ലോകാവസാനം പ്രവചിച്ചിരുന്ന ദിവസമായിരുന്നു അത്. അയൽവാസിയും കർഷകനുമായ മാടപ്പാട്ട് തൊമ്മന്റെ പുരയിടത്തിലെ അത്തിമരം വെട്ടി വിറകാക്കുന്ന ജോലി അദ്ദേഹം പാച്ചുനായരെ ഏല്പിച്ചു.പുരയിടത്തിലെ സർപ്പക്കാവിലാണ് കൂറ്റൻ മരം നിന്നിരുന്നത്. സർപ്പക്കാവിൽ അക്കാലത്ത് ആരും പ്രവേശിക്കുന്ന പതിവില്ലായിരുന്നു. അതിനാൽ തന്നെ പാച്ചു നായർക്ക് പേടിയും ഉത്കണ്ഠയുമുണ്ടായി.
ഉദ്യമത്തിൽ നിന്ന് പിന്മാറാനായിരുന്നു ആദ്യ തീരുമാനം. 'ഏതായാലും ലോകം അവസാനിക്കാൻ പോകുവല്ലേ പാച്ചുവേ പിന്നെന്തിനാ പേടിക്കുന്നേ' ? എന്ന് പറഞ്ഞ് സ്ഥലമുടമ നൽകിയ ധൈര്യത്തിൽ പാച്ചുനായർ സർപ്പക്കാവിൽ പ്രവേശിച്ച് മരം വെട്ടുന്നതിനുള്ള ജോലികൾ തുടങ്ങി. അപ്പേഴേയ്ക്കും പതിവില്ലാത്ത കാറ്റും മഴയും.കാവിനുള്ളിലെ വൻമരങ്ങൾ ആടിയുലഞ്ഞു. വടം കെട്ടി മട വെച്ച് വെട്ടിത്തുടങ്ങിയ അത്തിമരം കാറ്റിൽ ഉലഞ്ഞ് എതിർ ദിശയിൽ വീണു.പാച്ചുനായർ ബോധരഹിതനായി വീണു......കണ്ടു നിന്നവർ ഞെട്ടി. മുഖത്ത് വെള്ളം തളിച്ചതോടെ സ്വബോധത്തിലേയ്ക്കുണർന്ന പാച്ചുനായർ കണ്ടത് ഉള്ളു പൊളളയായിരുന്ന മരത്തിന്റെ പൊത്തിലെ മൺ പുറ്റിൽ മറഞ്ഞിരുന്ന വിഗ്രഹമാണ്. വെട്ട് പൂളു കൊണ്ട് മണ്ണ് കുറച്ചു കൂടി മാറ്റി നോക്കി. അതിവിശിഷ്ടമായ ഒരു ശിലാവിഗ്രഹം.!! മഴവെള്ളം കോരിയൊഴിച്ച് വൃത്തിയാക്കിയപ്പോൾ അതാ ചന്ദ്രക്കലാധരനും സർപ്പ ഛത്രാലംകൃതനും ഭൂമീദേവിയാൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന മാതൃകയിൽ അതീവ തേജസ്സുള്ള വിഗ്രഹം. അതോടെ ഭയം മാറി, ഒരു കുത്തുവിളക്ക് കൊണ്ടുവന്ന് നാട്ടി വിളക്ക് വച്ചു. അപ്പോഴേയ്ക്കും വിവരമറിഞ്ഞ് ആളുകൾ ദേവവിഗ്രഹം കാണാൻ ഇവിടേയ്ക്ക് ഒഴുകിത്തുടങ്ങി. 'ലോകം അവസാനിക്കുകയല്ല പുതിയ ലോകം ഉദയം ചെയ്യുകയാണെ'ന്ന് പാച്ചുനായരും തടിച്ചുകൂടിയ ഭക്തജനങ്ങളും തിരിച്ചറിയുകയായിരുന്നു..ഒരു ഗ്രാമത്തിന്റെ ഉയിർത്തെഴുന്നേൽപ്പായിരുന്നു പിന്നീട് കണ്ടത്. ഭജനയും കലാപരിപാടികളുമെല്ലാമായി പിന്നീടവിടെ ആഘോഷമായി.

വടക്കേ ഇന്ത്യൻ മാതൃകയിൽ മനോഹരമായ ക്ഷേത്രം നിർമ്മിച്ച് 1966 ഏപ്രിൽ 24ന് പ്രതിഷ്ഠയും നടത്തി. നാനാജാതി മതസ്ഥർക്കും ആരാധന നടത്താവുന്ന ക്ഷേത്രം ഉയർന്നു. പിന്നീട് ക്ഷേത്രം അതി മനോഹരമായി പുതുക്കിപ്പണിതു. 'ആശ്രിതവത്സലനും അനാഥ രക്ഷകനുമായ ഭഗവാന്റെ ഭക്തനായി എന്നും ഈ മണ്ണിൽ തന്നെ കഴിയുന്നത് പുണ്യമായാണ് ഞാനും എന്റെ കുടുംബവും കരുതുന്നതെന്ന് ' അദ്ദേഹം മൂന്നു മാസം മുമ്പ് സംസാരിക്കവേ ' കേരളകൗമുദി' യോടു പറഞ്ഞിരുന്നു. ഭഗവദ് വിഗ്രഹത്തിന്റെ പുനരവതാരമുണ്ടായ ജൂലായ് 14ന് എല്ലാവർഷവും ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന പ്രത്യേക ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രനടയിൽ വച്ച് മഠത്തിൽ പാച്ചുനായർക്ക് വസ്ത്രവും ദക്ഷിണയും നൽകി കടപ്പാട്ടൂർ ദേവസ്വം അധികാരികൾ ആദരിച്ചിരുന്നു.
രോഗഗ്രസ്തനായി കിടപ്പാകുന്ന ഏതാനും നാൾ മുമ്പുവരെ അദേഹം ഭഗവാന്റെ ഭക്തനായും ആശ്രിതനായും മിക്കപ്പോഴും ക്ഷേത്രത്തിൽ തന്നെ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർ അദ്ദേഹത്തെ ഈശ്വര തുല്യനായി കാണുകയും വണങ്ങുകയും ചെയ്തു. കഴിഞ്ഞ കുറെനാളുകളായി കടപ്പാട്ടൂർ ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ പാച്ചുനായർ വിശ്രമത്തിലായിരുന്നുവെങ്കിലും അനുഗ്രഹം വാങ്ങാൻ ഭക്തജനങ്ങൾ അവിടെയും എത്തുമായിരുന്നു. യശ്ശശ്ശരീരനായെങ്കിലും കടപ്പാട്ടൂർ മഹദേവന്റെ കീർത്തിക്കൊപ്പം ഭക്തജനങ്ങളുടെ മനസ്സിൽ മഠത്തിൽ പാച്ചുനായരുടെ പേര് എന്നുമുണ്ടാകും.