കോട്ടയം: കേരള കോൺഗ്രസ്-എമ്മിൽ പോര് രൂക്ഷമാകുന്നു. പി.ജെ.ജോസഫ് വിഭാഗവും ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗവും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് നീങ്ങിയതോടെയാണ് പ്രശ്നം ഗുരുതരമായത്. അതേസമയം എം.എൽ.എ മാരുടെയും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും നീക്കം നിരീക്ഷിച്ച് ഇരുവിഭാഗവും രംഗത്തുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് തനിക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ജെ.ജോസഫ് രംഗത്തുവന്നതോടെ രൂപപ്പെട്ട കാർമേഘത്തിന് കോൺഗ്രസ് രംഗത്ത് എത്തി അനുരഞ്ജനത്തിലൂടെ ശമനമുണ്ടാക്കിയെങ്കിലും ഇപ്പോൾ കാർമേഘത്തിന് കട്ടി കൂടിയിരിക്കുകയാണ്. കേരള കോൺഗ്രസ്-എമ്മിന്റെ മുഖപത്രമായ പ്രതിഛായയിൽ വന്ന ഒളിയമ്പുകളാണ് ഇതിന് ഒരു പ്രധാന കാരണം. പാർട്ടിയുടെ ചെയർമാൻ സ്ഥാനം ആർക്ക് എന്ന ചോദ്യമാണ് ഇപ്പോൾ പാർട്ടിയിൽ മുഴങ്ങിക്കേൾക്കുന്നത്. ഇതുതന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നവും.
ലോക്സഭാ സീറ്റ് നിഷേധിച്ചതോടെ ജോസഫ് ഇപ്പോഴും അമർഷത്തിലാണ്. പാർട്ടിയുടെ വർക്കിംഗ് ചെയർമാനായ പി.ജെ.ജോസഫിന് ചെയർമാൻ സ്ഥാനം നല്കാൻ പാർട്ടിയുടെ പ്രബല വിഭാഗം സമ്മതിക്കുമെന്ന് തോന്നുന്നില്ല. ജോസ് കെ.മാണിക്ക് പാർട്ടി ചെയർമാൻ സ്ഥാനം നല്കണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. ഇത് ഒരു കാരണവശാലും പി.ജെ.ജോസഫ് വിഭാഗം സമ്മതിക്കില്ല. അതേ സമയം സീനിയർ നേതാവായ സി.എഫ്.തോമസിന് ചെയർമാൻ സ്ഥാനം നല്കി തത്ക്കാലം പാർട്ടിയിലെ അപസ്വരത്തിന് വിരാമമിടാനുള്ള തന്ത്രങ്ങളും പാർട്ടിക്കുള്ളിൽ നടക്കുന്നതായും അറിയുന്നു.
ആറ് എം.എൽ.എ മാരുണ്ടായിരുന്ന പാർട്ടിയിൽ ചെയർമാൻ കെ.എം.മാണി അന്തരിച്ചതോടെ എണ്ണം അഞ്ചായി ചുരുങ്ങി. സി.എഫ്.തോമസ്, പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, ജയരാജൻ, മോൻസ് ജോസഫ് എന്നിവരാണ് നിലവിലുള്ള എം.എൽ.എ മാർ. ഇതിൽ മോൻസ് ജോസഫ് പി.ജെ.ജോസഫ് ഗ്രൂപ്പിലാണ്. ഒരു എം.എൽ.എയുടെ ബലമാണ് ഇപ്പോൾ പ്രബല ഗ്രൂപ്പിനുള്ളത്. ഇതിൽ ഒരു എം.എൽ.എയുടെ മനസുമാറിയാൽ കളി കാര്യമാവുമെന്നാണ് അറിയുന്നത്.
ബാർ കോഴ വിവാദമുണ്ടായപ്പോൾ പി.ജെ.ജോസഫ് മൗനത്തിലായിരുന്നുവെന്നാണ് പാർട്ടിയുടെ മുഖപത്രമായ പ്രതിഛായയിലെ ഒളിയമ്പ്. തുടർന്ന് 'മാണി മടങ്ങിയത് വേദനയോടെ' എന്ന പരാമർശവും പ്രതിഛായയിൽ വന്നു. ഇത് ചെയർമാൻ സ്ഥാനം ലക്ഷ്യമാക്കിയുള്ള കളിയുടെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. എന്നാൽ 'ഇതൊന്നും അറിഞ്ഞില്ലേ രാമനാരായണാ...' എന്ന മട്ടിലാണ് പ്രബല വിഭാഗത്തിന്റെ പോക്ക്. ജോസഫ് പാർട്ടിയിൽ നിന്ന് പോയാലും ഒന്നും സംഭവിക്കില്ലായെന്നാണ് പ്രബല വിഭാഗത്തിലെ ഒരു നേതാവ് ഫ്ലാഷിനോട് പറഞ്ഞത്. ചുരുക്കത്തിൽ പാർട്ടിക്കുള്ളിൽ ചെയർമാൻ സ്ഥാനത്തിനായുള്ള പോര് സജീവമായിരിക്കുകയാണ്.