local

അയ്മനം: തോട് കയ്യേറി വീടും കടയും വച്ചവരെ ഒഴിപ്പിക്കാൻ നീക്കവുമായി അയ്മനം പഞ്ചായത്ത് രംഗത്ത്. കുടയംപടിയിലെ തോട് പൂർണമായും കയ്യേറിയതായി കണ്ടെത്തിയതിനെത്തുടർന്ന് താലൂക്ക് സർവേയറെക്കൊണ്ട് തോട് അളന്നു തിട്ടപ്പെടുത്താൻ ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ. കയ്യേറ്റത്തിനെതിരെ പഞ്ചായത്ത് നീക്കം ശക്തമാക്കിയതോടെ സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറായി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

മഴക്കാല പൂർവ ശുചീകരണത്തിന്റെയും പഞ്ചായത്തിലെ മള്ളൂർപ്പാടത്ത് അടുത്ത മാസം മുതൽ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പുകളുടെയും ഭാഗമായാണ് ഇപ്പോൾ തോട് വൃത്തിയാക്കുന്ന ജോലികൾക്ക് പഞ്ചായത്ത് മുന്നോട്ടുവന്നത്. തോട് വൃത്തിയാക്കാൻ ഇന്നലെ രാവിലെ ജെ.സി.ബിയുമായി ഇറങ്ങിയപ്പോൾ തോടിന്റെ ഇരുവശങ്ങളെയും മൂടി നിൽക്കുന്ന കയ്യേറ്റം ശ്രദ്ധയിൽപ്പെടുകയും തുടർന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു. ഇതിനു മുന്നോടിയായി തോട്ടിലെ കയ്യേറ്റങ്ങൾ പൂർണമായും പരിശോധിച്ചു. തുടർന്നാണ് സർവേ വകുപ്പിന്റെ സഹായത്തോടെ തോടിന്റെ ഇരുവശങ്ങളും അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം എടുത്തത്. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചൻ ജോർജ്, സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.

 ലക്ഷ്യവും നടപടിക്രമങ്ങളും

മള്ളൂർപ്പാടത്തേയ്ക്ക് വെള്ളം എത്തിക്കുന്നതിന് കുടമാളൂർ തോട് ശുചിയാക്കുന്നതിനും, തോടിന്റെ വശങ്ങൾ കെട്ടുന്നതിനും അഞ്ചു ലക്ഷം രൂപ ജല സേചന വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഈ തോടിന്റെ ആഴം കൂട്ടുകയും, ഇരുവശങ്ങളും കെട്ടി വൃത്തിയാക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായാണ് ഇപ്പോൾ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. ആദ്യ ഘട്ടമായി താലൂക്ക് സർവേയർ നടത്തുന്ന സർവേയിലൂടെ കയ്യേറ്റങ്ങൾ കണ്ടെത്തും. തുടർന്ന് ഈ കയ്യേറ്രക്കാർക്ക് നോട്ടീസ് നൽകും. ഈ നോട്ടിസിന്റെ അടിസ്ഥാനത്തിലാകും പഞ്ചായത്ത് തുടർ നടപടിയിലേയ്ക്ക് കടക്കുക. കയ്യേറ്റം സ്വയം ഒഴിയാൻ സന്നദ്ധരായവർക്കെതിരെ നടപടി ഉണ്ടാകില്ല.