pipe-linukal

തലയോലപ്പറമ്പ് : വെട്ടിക്കാട്ട്മുക്ക് പാലം കാൽനടയാത്രക്കാർക്ക് പേടി സ്വപ്നമാണ്. വെള്ളൂർ തലയോലപ്പറമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തലയോലപ്പറമ്പ് എറണാകുളം പ്രധാന റോഡിലെ വെട്ടിക്കാട്ട്മുക്ക് പാലത്തിന് നടപ്പാത ഇല്ലാത്തതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നത്. വീതി കുറഞ്ഞ പാലത്തിന്റെ നടപ്പുവഴിയിൽ ഇരുവശങ്ങളിലും കുടിവെള്ളപൈപ്പ് അടക്കമുള്ളവ സ്ഥാപിച്ചിരിക്കുന്നതിനാൽ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയപ്പെടുത്തിയാണ് കാൽനടയാത്രക്കാർ മറുകര കടക്കുന്നത്. കണ്ടെയ്‌നർ, ബസുകൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് വാഹനങ്ങളും നൂറ്കണക്കിന് കാൽനടയാത്രക്കാരും നിത്യേന കടന്ന് പോകുന്ന പാലത്തിന്റെ നടപ്പാതയാണ് നിർമ്മാണത്തിലെ അപാകത മൂലം കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയത്. വീതികുറഞ്ഞ നടപ്പാതയുടെ ഇരുവശങ്ങളിലും ജലസേചനവകുപ്പിന്റെ കൂ​റ്റൻ പൈപ്പുകളും ടെലിഫോൺ കേബിൾ പൈപ്പുകൾ എന്നിവ അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ചരിക്കുന്നതും കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉളവാക്കുന്നത്. ഇരുവശങ്ങളിൽ നിന്നും ചീറിപാഞ്ഞ് വരുന്ന വാഹനങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി പൈപ്പ് ലൈനുകളിൽ കയറി നിൽക്കുന്നവർ വഴുതി വാഹനങ്ങൾക്ക് മുന്നിൽ വീണ് അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്. കോട്ടയം എറണാകുളം റോഡിലെ ഏ​റ്റവും വലുതും ഗതാഗതതിരക്കേറിയതുമായ വെട്ടിക്കാട്ട്മുക്ക് പാലത്തിന് മാത്രമാണ് നടപ്പാതയില്ലാത്തത്. കഴിഞ്ഞ 10 വർഷത്തിനിടെ 20 ഓളം പേരുടെ ജീവനുകൾ ഇവിടെ പൊലിഞ്ഞ് പോയിട്ടുണ്ട്. ചെറുതും വലുതുമായ 140 ൽ അധികം വരുന്ന വ്യത്യസ്ഥ അപകടങ്ങളിൽ നൂറ് കണക്കിന് യാത്രക്കാർക്ക് പരിക്കേ​റ്റിട്ടുണ്ട്. കടുത്തുരുത്തി, വൈക്കം, മുറിഞ്ഞപുഴ, പൂത്തോട്ട തുടങ്ങിയ പാലങ്ങൾക്ക് നടപ്പാതയുണ്ടെങ്കിലും നീളം കൂടിയതും തിരക്കേറിയതുമായ വെട്ടിക്കാട്ടുമുക്ക് പാലത്തിന് നടപ്പാത ഇല്ലാത്തത് ഏറെ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. 160 മീ​റ്റർ നീളത്തിലും 8 മീ​റ്റർ വീതിയിലുമുള്ള പാലം 1971 ലാണ് നിർമ്മിച്ചത്. എന്നാൽ 5 പതി​റ്റാണ്ടിനിടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പതിന്മടങ്ങ് വർദ്ധിച്ചതോടെ കാൽനടയാത്ര ഏറെ ദുഷ്‌കരമാവുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ 7 വർഷം മുൻപ് സമാന്തര നടപ്പാത നിർമ്മിക്കുന്നതിൽ അനുമതി ലഭിക്കുകയും സംസ്ഥാന സർക്കാർ ഇതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തനം ആരംഭിക്കാനിരിക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് സാങ്കേതിക അനുമതിക്ക് തടസ്സം വരുകയും പദ്ധതി മുടങ്ങിപ്പോകുകയുമായിരുന്നു.പിന്നീട് സമാന്തര നടപ്പാതയ്ക്കായി 2.5 കോടി രൂപ അനുവദിച്ചെങ്കിലും ഏ​റ്റെടുക്കാൻ കരാറുകാർ ഇല്ലാത്തതിനാൽ നിർമ്മാണം പിന്നീടും നടക്കാതെ പോയി. ഇനിയും ദുരന്തങ്ങൾക്ക് കാത്ത് നിൽക്കാതെ അപകടം പതിവായ ഇവിടെ നടപ്പാത നിർമ്മിക്കുന്നതിന് അധികൃതർ നടപടി ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

* നടപ്പാത വേണമെന്ന ആവശ്യത്തിന് പതി​റ്റാണ്ടുകളുടെ പഴക്കം

* കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ മരിച്ചത് 20 പേർ.

* ചെറുതും വലുതുമായി 140 ഓളം അപകടങ്ങൾ നൂറ് കണക്കിന് യാത്രക്കാർക്ക് പരിക്ക്.

* വീതി കുറഞ്ഞ നടപ്പ് വഴിയുടെ ഇരുവശങ്ങളിലും അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകൾ ഭീഷണി.

.