കോട്ടയം : പഠനവൈകല്യമില്ലെന്ന് കണ്ടെത്തി മെഡിക്കൽ ബോർഡ് അപേക്ഷ നിരസിച്ച 2400 വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക ഉത്തരവ്. ഇത്തരത്തിൽ സഹായിയെ വച്ചും, അധിക സമയത്തിന്റെ ആനൂകൂല്യത്തിലും പരീക്ഷ എഴുതിയ 99 ശതമാനം കുട്ടികളും ജയിച്ചു.

പഠനവൈകല്യ സർട്ടിഫിക്കറ്റിനായി ജില്ലാ ആശുപത്രി സൂപ്രണ്ട് അദ്ധ്യക്ഷയായ മെഡിക്കൽ ബോർഡിനു മുന്നിൽ മൂവായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 275 പേർക്കാണ് പഠനവൈകല്യം കണ്ടെത്തിയത്. എന്നാൽ, രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് സ്‌കൂളുകൾ ബാക്കിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക ഉത്തരവ് നേടിയെടുക്കുകയായിരുന്നു. അപേക്ഷ നിരസിച്ച കുട്ടികളിൽ പലർക്കും ഐക്യു 70 ൽ താഴെയാണ്. ബോർഡർ ലൈൻ ഇന്റലിജൻസ് മാത്രമാണ് ഇവർക്കുള്ളതെന്നും, കൃത്യമായ പരിശീലനത്തിലൂടെ വിദ്യാഭ്യാസത്തിൽ മുന്നിലെത്താൻ സാധിക്കുമെന്നുമാണ് മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റ് നൽകിയത്. കുട്ടികൾ പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനാണ് സ്‌കൂളുകൾ പഠനവൈകല്യ സർട്ടിഫിക്കറ്റിനായി കളിക്കുന്നതെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ചൈൽഡ് സൈക്കോളജിസ്റ്റുകൾ പറയുന്നു.