കുറവിലങ്ങാട്: ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ വാക്കാട് നിവാസികൾ കുടിവെള്ളമില്ലാതെ വലഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇതൊരു വരെ യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജപ്പാൻ കുടിവെള്ള വിതരണം ഉൾപ്പെടെയുള്ളവ ഈ ഭാഗങ്ങളിൽ ഉണ്ടെങ്കിലും അത് കൃത്യമായി കിട്ടാത്തതാണ് കുടിവെള്ള വിതരണം രൂക്ഷമാക്കുന്നത്. പത്ത് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് വെള്ളം ഇവിടെ എത്തുന്നത്. അതോടൊപ്പം അത് എല്ലാ വീടുകളിലേക്കും എത്താതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്. മിക്ക വീടുകളിലും കിണർ ഉണ്ടെങ്കിലും എല്ലാ വർഷവും വേനലാകുമ്പോൾ വെള്ളം വറ്റുന്നതും ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വേനൽ ശക്തമായതോടെ വേനലിൽ ഒരിക്കലും വറ്റാത്ത കിണറുകളിലടക്കം ജലനിരപ്പ് നേരത്തെ താഴ്ന്നു തുടങ്ങിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്.
കുടിക്കുന്നതിനായി സ്വകാര്യ വ്യക്തികളിൽ നിന്നും വെള്ളം മേടിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഇവിടുത്തുകാർക്ക് ഉള്ളത്.