ചങ്ങനാശേരി: കഞ്ചാവ് വിൽപന ചോദ്യം ചെയ്തത് സംബന്ധിച്ച തർക്കം കത്തിക്കുത്തിൽ കലാശിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തൃക്കൊടിത്താനം കോട്ടമുറി ചിറയിൽ അഭിജിത്ത് (25), വേലിക്കകത്ത് ജിയേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിന് ഇവരുടെ പേരിൽ പൊലീസ് കേസെടുത്തു. ഇവർ അമ്പലപ്പുഴ അർക്കാട് കോളനിയിലുണ്ടെന്ന വിവരത്തെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് അവിടെ എത്തിയെങ്കിലും പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയത്.
കിളിമല ഉഷാഭവനിൽ ബ്ലസൻ (25), പ്രിൻസ് (25), അരുൺ(26) എന്നിവർക്കാണ് കുത്തേറ്റത്. തൃക്കൊടിത്താനം കിളിമല ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിക്കുന്നടിനിടയിൽ തർക്കം ഉണ്ടാവുകയും തുടർന്ന് അഭിജിത്തും ജിയേഷും ചേർന്ന് മൂവരേയും കുത്തികയുമായിരുന്നുവെന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിൽ ജിയേഷിന്റെ സഹോദരൻ ജിനീഷ്, മണി മുറിവെട്ടുകുഴി,ഗോകുൽ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തൃക്കൊടിത്താനം സി.ഐ വി.പി ജോയി, എസ്.ഐ പി.എം ഷെമീർ, സി.പി.ഒമാരായ ജിജു തോമസ്, ജോർജ്ജ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.