കോട്ടയം : കൊട്ടാരക്കര - ദിണ്ഡുങ്കൽ ദേശീയ പാതയിൽ മുണ്ടക്കയം മരുതുംമൂട് ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കുഴിയിലേയ്‌ക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു. ഡ്രൈവർ കോതമംഗലം സ്വദേശി അജി (49) , കണ്ടക്ടർ വട്ടപ്പാറ സ്വദേശി പ്രവീൺ (39) , മൈലാടുംപാറ ദേവേന്ദ്ര പുരം പാണ്ഡ്യൻ (62) , അയർക്കുന്നം വലിയ ചേന്നാട് ജോസഫ് ചാക്കോ (70) , കുറവിലങ്ങാട് സ്വദേശി ദിവ്യ (23) , അടിച്ചിറ സ്വദേശി ഗ്രേസ് മാത്യു (49) , മകൾ മേഘ (23) , പൊൻകുന്നം ആക്ഷിത (22) , പാലാ പൈക സ്വദേശി അശ്വിൻ (20) , തിരുവല്ല സ്വദേശി റിംസോ (20) , പുതുപള്ളി സ്വദേശി ശ്രീജേഷ് ദേവ് (23) , ഈ രാറ്റുപേട്ട സ്വദേശി ജോസഫ് ( 70 ) , അമലഗിരി സ്വദേശി സദാശിവൻ (63) , പൊൻകുന്നം സ്വദേശികളായ വിമൽ ഗോപിനാഥ് (20) , അനന്ദ കൃഷ്ണൻ (25) , തിരുവഞ്ചൂർ സ്വദേശി കളായ ശാന്തമ്മ (60) , സഹോദരി , രാജമ്മ (57) , ഏറ്റുമാനൂർ സ്വദേശി അഞ്ചന (21 ) , സഹോദരൻ അരവിന്ദ് (20) , ഇടുക്കി പീരുമേട് ശശീന്ദ്ര പണിക്കർ , കോട്ടയം വാഴൂർ ശ്രീകാന്ത് (27) , കോത്തല സ്വദേശി മാത്യു (48) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. കുമളിയിൽ നിന്നു കോട്ടയത്തേയ്‌ക്ക് പോകുകയായിരുന്നു ബസ്. മരുതുംമൂട് വച്ച് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ കണ്ട് ബസ് ഒരു വശത്തേയ്‌ക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് റബർ തോട്ടത്തിലേയ്‌ക്ക് തലകീഴായി മറിയുകയായിരുന്നു. 29 യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. നാട്ടുകാരും, പെരുവന്താനം പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുട്ടിക്കാനം മരിയൻ കോളേജിലെ തൊഴിൽ മേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികൾക്കാണ് പ രിക്കേറ്റത്. ബസിന്റെ ടയറുകൾ കാലപ്പഴക്കത്തെ തുടർന്ന് തേഞ്ഞു തീർന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു.