കോട്ടയം : എം.സി റോഡിൽ നിയന്ത്രണംവിട്ട ലോറി പാഞ്ഞു കയറി വീടും ബേക്കറിയും തകർന്നു. അപകടത്തിൽ നിന്നു രക്ഷപെടാൻ ഓടിമാറിയ കടയുടമയായ യുവതിയ്‌ക്ക് പരിക്കേറ്റു. ചിങ്ങവനം സ്വദേശിയായ പ്രിയയ്‌ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 8.15 ന് പള്ളം മാവിളങ്ങ് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നു എത്തിയ ലോറി പാഞ്ഞ് വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ കാൽ തട്ടിവീണാണ് പ്രിയയ്ക്ക് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചിങ്ങവനം പൊലീസ് എത്തി ലോറി മാറ്റിയാണ് ഗതാഗതക്കുരുക്കഴിച്ചത്.