കോട്ടയം: കഴിഞ്ഞ ഒരു മാസമായി വെള്ളമില്ലാതെ നാട്ടകം ഗവൺമെന്റ് കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾ വലഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. നേരത്തെ ഇവിടത്തെ ആവശ്യത്തിന് വെള്ളം എടുത്തിരുന്ന ഹോസ്റ്റലിനു സമീപത്തെ കുഴൽകിണറും ഇപ്പോൾ ഉപയോഗശൂന്യമാണ്. ചെളിവെള്ളം നിറഞ്ഞ് കലങ്ങിയ വെള്ളം അരിച്ചാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്നതെന്നും പരാതിയുണ്ട്. കോളേജ് അധികൃതരോട് വെള്ളമില്ലാത്തതിനെ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കോളേജ് അധികൃതർ പരാതിയുള്ള കുട്ടികളെ പുറത്താക്കാനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഭീതിയിൽ വിദ്യാർത്ഥികൾ പരാതി പിൻവലിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. തൃശൂർ, കണ്ണൂർ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ ഏറെയും നിൽക്കുന്നത്. പരീക്ഷ സമയമായതിനാൽ വീടുകളിലേക്കും മടങ്ങാനും കഴിയുന്നില്ല. പെൺകുട്ടികളുടെ ഹോസ്റ്റലിലെ അവസ്ഥയും ഏറെ പരിതാപകരമാണ്. വെള്ളം കൃത്യമായി ലഭിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.