jose-k-mani

കോട്ടയം:പി.ജെ.ജോസഫിനെ ഒതുക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെ ഒപ്പം നിറുത്തി ചെയർമാനാകാനുള്ള ജോസ് കെ. മാണിയുടെ ഗൂഢ നീക്കം കേരള കോൺഗ്രസ് (എം )ൽ പിളർപ്പിന്റെ വിത്തു പാകി.

'ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ല പാർട്ടിയാണെന്ന് വ്യക്തമാക്കി ഇതിനെതിരെ രംഗത്തുവന്ന ജോസഫ്, മാണിയുടെ അസാന്നിദ്ധ്യത്തിൽ പാർട്ടി ഭരണഘടന അനുസരിച്ച് വർക്കിംഗ് ചെയർമാനായ താനാണ് ചെയർമാനാകേണ്ടതെന്ന് പ്രഖ്യാപിച്ചു. ജോസ്.കെ മാണി ചെയർമാനാകുന്നതിലുള്ള വിയോജിപ്പും ജോസഫ് പ്രകടിപ്പിച്ചതോടെ മാണിഗ്രൂപ്പിൽ ഭിന്നത രൂക്ഷമായി.

കെ.എം.മാണിയുടെ പിൻഗാമിയായി ജോസ് കെ.മാണിയെ ചെയർമാനാക്കണമെന്നു പാർട്ടിയുടെ ഒമ്പതു ജില്ലാ പ്രസിഡന്റുമാർ ഇന്നലെ ഡെപ്യൂട്ടി ലീഡർ സി.എഫ് .തോമസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പാലായിലെ വീട്ടിലെത്തി ജോസ്.കെ മാണിക്കുള്ള പിന്തുണയും ഇവർ അറിയിച്ചു.

ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും മാണിഗ്രൂപ്പിന് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളുടെ പേരിൽ പിളർപ്പ് ഒഴിവാക്കാൻ അനുരഞ്ജന ചർച്ച നടക്കുന്നതിനിടയിൽ ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​രു​ടെ ഒന്നിച്ചുള്ള നീ​ക്ക​ത്തിൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച സി.​എ​ഫ്.തോ​മ​സ് പ്ര​ശ്നം വ​ഷ​ളാ​ക്ക​രു​തെ​ന്നാണ് നിർദ്ദേശിച്ചത്. അതേസമയം ചെ​യ​ർ​മാന്റെ കാര്യത്തിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും തീ​രു​മാ​നം വൈകില്ലെന്നുമാണ് ജോ​സ് കെ. ​മാ​ണി അറിയിച്ചത്. .
ജോസഫിന് ചെയർമാൻ സ്ഥാനം നൽകുന്നില്ലെങ്കിൽ സി.എഫ് .തോമസിനെ ചെയർമാനാക്കണമെന്നും ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവാക്കണമെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. മാണി വിഭാഗത്തിലെ മുതിർന്ന നേതാക്കൾ ഈ ആവശ്യത്തോട് അനുഭാവം പ്രകടിച്ചു പാർട്ടി യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. സി.എഫ്.തോമസ് 'ന്യൂട്രൽ കളിക്കുന്ന' സാഹചര്യത്തിൽ പാർട്ടി നിയന്ത്രണം ജോസഫ് വിഭാഗത്തിന്റെ കൈയിലാകുമെന്നു മുൻകൂട്ടി കണ്ടാണ് ജോസ്.കെ മാണിക്കായി ജില്ലാ പ്രസിഡന്റുമാർ അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയതെന്നാണ് വിവരം. ജോസഫ് പാർട്ടി വിട്ടുപോയാൽ കാര്യങ്ങൾ സുഗമമാക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ നീക്കം.

ഇന്ന് തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗത്തിനു ശേഷം പാർട്ടി സ്ഥാനങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കൾ തമ്മിൽ സമവായ ചർച്ച തീരുമാനിച്ചിരുന്നു. ജോസഫ്, സി.എഫ്.തോമസ് എന്നിവരുടെ പേരുകൾ ഈ ചർച്ചയിൽ ഉയർന്നുവരാതിരിക്കാനാണ് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെ ജോസ് കെ. മാണിക്കായി കൈപൊക്കാൻ ഇന്നലെ ഇറക്കിയത്.

'ജോസ് കെ മാണി ചെയർമാനാകണമെന്നോ ,സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നോ നിർദ്ദേശമില്ല. സി.എഫ്. തോമസ് പാർട്ടി ചെയർമാനാവുന്നതിനെ സ്വാഗതം ചെയ്യുന്നു. ജോസ്. കെ. മാണിക്ക് ചെയർമാൻ സ്ഥാനം നൽകണമെന്ന് ജില്ലാ പ്രസിഡന്റുമാർ ആവശ്യം ഉന്നയിച്ചുവെന്ന് വിശ്വസിക്കുന്നില്ല. ജില്ലാ പ്രസിഡന്റുമാരല്ല, പാർട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഒരു വിഭാഗത്തിന് മാത്രം സ്ഥാനങ്ങൾ വേണമെന്ന നിർദ്ദേശം വരുമെന്നു തോന്നുന്നില്ല'.'പ്രതിച്ഛായ'യിലെ ലേഖനത്തിൽ വന്ന കാര്യങ്ങൾ തെറ്റാണ്. ഇതേക്കുറിച്ച് അന്വേഷിക്കും.

പി.ജെ.ജോസഫ്

വർക്കിംഗ് ചെയർമാൻ

'സമവായത്തിലൂടെ പരിഹാരം കാണാനാണ് ശ്രമം. അതിനിടയിൽ ഇത്തരം നീക്കങ്ങൾ ഉചിതമല്ല

സി.എഫ്.തോമസ്

ഡപ്യൂട്ടി ലീഡർ

ചെയർമാൻ ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. തീരുമാനം വൈകില്ല

ജോസ് കെ മാണി

വൈസ് ചെയർമാൻ