കോട്ടയം: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയിൽ ജില്ലയിൽ നിരവധി പ്രദേശങ്ങൾ മാലിന്യമുക്തമായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ച അജൈവ മാലിന്യങ്ങൾ കളക്ഷൻ പോയിന്റുകളിൽ നിന്നു പ്രധാന സംഭരണകേന്ദ്രങ്ങളിലേക്ക് മാറ്റിയശേഷം സമയബന്ധിതമായി ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കുമെന്ന് കളക്ടർ പി.കെ.സുധീർ ബാബു പറഞ്ഞു.

പൊതുമരാമത്ത് നിരത്ത് വിഭാഗം കണ്ടെത്തിയ 19 ഹോട്ട് സ്‌പോട്ടുകളിൽ 16 എണ്ണം ഉൾപ്പെടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ശുചീകരിച്ചു. മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡുകൾ സ്ഥാപിക്കാനും , ചെടികൾ വച്ചുപിടിപ്പിക്കാനും, നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ഗ്രാമപഞ്ചായത്തുകൾ തീരുമാനമെടുത്തിട്ടുണ്ട്.

മാലിന്യ നിക്ഷേപം തടയാൻ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, ഓട്ടോ - ടാക്‌സി ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തി മോണിറ്ററിംഗ് സ്‌ക്വാഡ് രൂപീകരിക്കും. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ തുടർപ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദേശിച്ചു.