കോട്ടയം : കെവിൻ വധക്കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. ജൂൺ അവസാനം വരെ ഇടവേളകളില്ലാതെ വിചാരണ പൂർത്തിയാക്കാനാണ് തീരുമാനം. കെവിന്റെ പിതാവ് ജോസഫ്, കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിന്റെ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തെ പഞ്ചായത്ത് അംഗം, കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ, ഫോൺ കാൾ ലഭിച്ചവർ എന്നിവർ അടക്കമുള്ള പത്തുപേരുടെ വിചാരണയാണ് ഇനി നടക്കാനുള്ളത്.
ആദ്യഘട്ടത്തിൽ കെവിന്റെ ഭാര്യ നീനു, അനീഷ് എന്നിവരെ വിസ്‌തരിച്ചിരുന്നു. 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.