കോട്ടയം : സിനിമയെന്ന സ്വപ്‌നം ആഴങ്ങളിൽ ഉപേക്ഷിച്ച് മടങ്ങിയ മകന്റെ ചിത്രങ്ങളുടെ പ്രദർശനവുമായി ഒരു പിതാവ്. വേനൽ അവധിക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം ചിത്രങ്ങൾ പകർത്താനുള്ള യാത്രയ്‌ക്കിടെ അകാലത്തിൽ പൊലിഞ്ഞ ക്രിസ്‌റ്റഫറിന്റെ സ്‌മരണാർത്ഥമാണ് പിതാവ് ഫോട്ടോപ്രദർശനം സംഘടിപ്പിച്ചത്. എംപ്ലോയീസ് ഫെഡറേഷൻ ഒഫ് കപ്യൂട്ടർ ആർട്ടിസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോപ്രദർശനത്തിലാണ് ക്രിസ്‌റ്റഫറിന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നത്.
കഴിഞ്ഞ വർഷം പ്ലസ്ടുപരീക്ഷയ്ക്ക് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഈരാറ്റുപേട്ട പൂഞ്ഞാർ അടിവാരത്തിലേയ്‌ക്ക് പോയ ക്രിസ്റ്റഫർ ചിത്രങ്ങൾ പകർത്തുന്നതിനിടെ തോട്ടിൽ കാൽവഴുതി വീണാണ് മരിച്ചത്. പിതാവ് ജേക്കബിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17നായിരുന്നു മരണം. സി.എം.എസ് ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്ന ജേക്കബ് സ്‌കൂളിൽ പിറന്നാൾ ആഘോഷങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മകന്റെ മരണ വാർത്ത എത്തിയത്. കുട്ടിക്കാലം മുതൽ ഫോട്ടോഗ്രാഫിയിൽ കമ്പമുണ്ടായിരുന്ന ക്രിസ്റ്റഫറിന്റെ ജീവിതലക്ഷ്യം സിനിമയായിരുന്നു. പ്രകൃതിയുടെ വിവിധ ഭാഗങ്ങൾ ചിത്രങ്ങളായി പകർത്തി ടേബിൾ കലണ്ടറുണ്ടാക്കുകയായിരുന്നു ക്രിസ്റ്റഫർ ലക്ഷ്യമിട്ടിരുന്നത്. സിനിമാറ്റോഗ്രഫി എന്ന ലക്ഷ്യവുമായാണ് പ്ലസ്‌ടുവിന് സയൻസ് ഗ്രൂപ്പ് എടുത്തത്. ഫലം വന്നപ്പോൾ മികച്ച മാർക്കോടെ ക്രിസ്റ്റഫർ ജയിച്ചു. എഫ്‌കെയുടെ ജില്ലാ കുടുംബ സംഗമത്തിൽ ക്രിസ്റ്റഫർ എബ്രഹാം ജേക്കബ് മെമ്മോറിയൽ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിരുന്നു. ക്രിസ്റ്റഫറിന്റെ സ്‌കൂളായ ബേക്കർ വിദ്യാപീഠ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രദർശനം ബേക്കർ വിദ്യാപീഠ് പ്രിൻസിപ്പൽ ലില്ലി അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്‌തു. ക്രിസ്റ്റഫറിന്റെ പിതാവ് ജേക്കബ് പി.ജോസഫ്, മാതാവ് ബേക്കർ സ്‌കൂൾ അദ്ധ്യാപിക വിനീത, സഹോദരങ്ങളായ ക്രിസ്റ്റി, ക്രിസ്റ്റീന എന്നിവരും പ്രദർശനത്തിന് എത്തിയിരുന്നു. പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് റെയ്‌ഹാന നാസർ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് രാജുനായർ മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഐ സെൽഫ് ഫിനാൻസിംഗ് സ്‌കൂൾ മാനേജർ പ്രഫ.ജോസഫ് തോമസ് ക്രിസ്റ്റഫർ അനുസ്‌മരണം നടത്തി. ഫോട്ടോഗ്രഫി മത്സരത്തിന്റെ വിധിനിർണ്ണയം കേരളകൗമുദി സീനിയർ ഫോട്ടോഗ്രാർ ശ്രീകുമാർ ആലപ്ര, മലയാളമനോരമ സീനിയർ ഫോട്ടോഗ്രാഫർ റിജോ ജോസഫ്, ഡെക്കാൺ ക്രോണിക്കിൾ ഫോട്ടോഗ്രാഫർ രാജീവ് പ്രസാദ് എന്നിവർ നടത്തി. ജില്ലാ പ്രസിഡന്റ് റേ മാത്യൂസ് സമ്മാനദാനം നടത്തി. ജില്ലാ സെക്രട്ടറി പി.എസ് സിജോ, ട്രഷറർ അനീഷ് അഗീമീഡിയ എന്നിവർ പ്രസംഗിച്ചു.