പൊൻകുന്നം: സംസ്ഥാന തല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്തിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡുകളും തോടുകളും മാലിന്യ മുക്തമാക്കി വൃത്തിയാക്കുകയും പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പാതയോരങ്ങളിൽ വാഹന യാത്രികരുടെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റി കാഴ്ചയും കാൽനടയാത്രക്കാരുടെ സഞ്ചാരവും സുഗമമാക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആനക്കയം താന്നിമൂട് റോഡിന്റെ വശങ്ങൾ വ്യത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗം മോഹൻ കുമാർ പൂഴിക്കുന്നേൽ ,സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഉഷ പ്രകാശ്, എ.ഡി.എസ് പ്രസിഡന്റ് ബബിത സെബാസ്റ്റ്യൻ, സെക്രട്ടറി വീണ ശ്രീകുമാർ ,അമ്പിളി ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഇന്നലെ കോയിപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പത്തൊമ്പതാം വാർഡിൽ പഴയചന്ത തോണിപ്പാറ ആഴാന്തക്കുഴി റോഡും തോണിപ്പാറ തോടും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ പി.മോഹൻ റാം, സി.ഡി.എസ് ഭാരവാഹികളായ ഓമന രാജു, ശാന്തമ്മ മുരളി എന്നിവർ നേതൃത്വം നൽകി.നാലാം വാർഡിൽ ആശുപത്രിപ്പടി മറ്റത്തിൽ പടി റോഡ് വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തംഗം അഡ്വ.ഗിരീഷ് .എസ്.നായർ, സി.ഡി.എസ്.അംഗം അമ്പിളി ശിവദാസ് ഹെൽത്ത് ഇൻസ്‌പെക്ടർ രാജു എന്നിവർ നേതൃത്വം നൽകി.