കുമരകം : പ്രളയം വിതച്ച ദുരിതത്തിൽ നിന്ന് കരകയറുകയാണ് ജില്ലയിലെ ടൂറിസം മേഖല. മലയാളികൾ അടക്കമുള്ളവർ അവധി ആഘോഷിക്കാൻ കൂട്ടത്തോടെ കുമരകത്തേയ്ക്ക് എത്തിയതോടെ ടൂറിസം മേഖലയിൽ മാഞ്ഞ ചിരി വീണ്ടും തളിർത്തു. പ്രളയത്തിന് ശേഷം ആദ്യമായി ബുക്കിംഗ് 80 ശതമാനത്തിലെത്തി.

ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ ഹൗസ് ബോട്ടുകളും കായലിൽ ഇറങ്ങി. 2018ലെ വേനൽ അവധിക്കാലത്തെ അത്രയുമില്ലെങ്കിലും ഇങ്ങനെ പോയാൽ മേഖല പച്ചപിടിക്കുമെന്നാണ് ബോട്ടുടമകൾ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച നാലായിരത്തിലേറെ വിനോദസഞ്ചാരികൾ എത്തിയതായാണ് കണക്ക്. കായൽ യാത്ര ഇനത്തിൽ മാത്രം ഒരു ദിവസം വിവിധ മേഖലകളിലായി 20 ലക്ഷം രൂപ വരവുണ്ടായി. ജലഗതാഗത വകുപ്പിന്റെ കുമരകം - മുഹമ്മ ബോട്ടിലും, കുമരകം ബോട്ട് ജെട്ടി, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിലെ ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും സഞ്ചാരികളുടെ തിരക്കായിരുന്നു. വേനലവധി ഈ മാസം കൊണ്ടു തീരുമെന്നതിനാൽ വരും ദിവസങ്ങളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷ. പതിവിന് വിപരീതമായി തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളും എത്തുന്നുണ്ട്. ശബരിമല സീസൺ സമയത്ത് തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ എത്തേണ്ടതായിരുന്നെങ്കിലും കലാപമെന്ന പ്രചാരണം തിരിച്ചടിയായി.

100ൽ താഴെ ബോട്ടുകൾ

കുമരകത്ത് 110 ഹൗസ് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രളയത്തിലെ കടബാദ്ധ്യത മൂലം ഇപ്പോൾ അത് നൂറിൽ താഴെയായി. ഹൗസ് ബോട്ടുകൾ കുറയുന്നത് റിസോർട്ടുകൾക്ക് ഗുണകരമാകും.

‌'' വേനലവധി കഴിയുന്നതോടെ മൺസൂൺ ടൂറിസം ആസ്വദിക്കാൻ വിദേശികൾ കൂട്ടമായെത്തുമെന്ന പ്രതീക്ഷയുണ്ട്. ജൂൺ മുതൽ സെപ്തംബർ വരെ ബുക്കിംഗുണ്ടാകും. ശ്രീലങ്കൻ പാക്കേജുകളാണ് ഇതിന് മുൻപ് വില്ലനായതെങ്കിൽ, അവിടെ നടന്ന ഭീകരാക്രമണ പ്രശ്നങ്ങൾ മൂലം അറബികൾ അടക്കമുള്ളവർ കുമരകം തിരഞ്ഞെടുക്കും. ഇതിനുള്ള എൻക്വയറികൾ വന്നു തുടങ്ങിയിട്ടുണ്ട്''

- ഷനോജ്, ഹൗസ് ബോട്ട് ഉടമ