ncp

കോട്ടയം: എൻ.സി.പി ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. യോഗത്തിന് എത്തിയ ഭാരവാഹികളെ ഇറക്കി വിട്ടതിന് പിന്നാലെ, ജില്ലാ പ്രസിഡന്റ് ടി.വി. ബേബിയെ നീക്കിയതിനെതിരെ അവതരിപ്പിച്ച പ്രമേയമാണ് കൂട്ടയടിയിൽ കലാശിച്ചത്. തുടർന്ന് യോഗം പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി വി.ജി. രവീന്ദ്രന് ചുമതല കൈമാറുന്നതിന്റെ ഭാഗമായാണ് ദേശീയ സമിതി അംഗങ്ങൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലാ സമിതി അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തത്. തോമസ് ചാണ്ടി വിഭാഗത്തിൽപ്പെട്ട 5 ജില്ലാ ഭാരവാഹികളെ യോഗത്തിൽ നിന്നു ഇറക്കിവിട്ടതാണ് തർക്കങ്ങൾക്ക് തുടക്കം.

ഇതിന് ശേഷമാണ് ബേബിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കിയതിനെതിരെ ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ജേക്കബ് പ്രമേയം അവതരിപ്പിച്ചത്. കാണക്കാരി അരവിന്ദാക്ഷനെ പ്രസിഡന്റാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന പ്രമേയത്തിലെ പരാമർശം മറുവിഭാഗത്തെ ചൊടിപ്പിച്ചു. അരവിന്ദാക്ഷൻ, സാജു എം. ഫിലിപ്പ്, പി.എ. താഹ എന്നിവ‌ർ അടക്കം അഞ്ചുപേർ പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടർന്ന് കാര്യങ്ങൾ കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മുതിർന്ന നേതാക്കളായ മാണി സി. കാപ്പൻ, സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഘർഷം. സ്ഥിതി രൂക്ഷമായതോടെ നേതാക്കൾ ഇടപെട്ട് യോഗം പിരിച്ചുവിടുകയായിരുന്നു. അതേസമയം, യോഗത്തിൽ ജനാധിപത്യപരമായ തർക്കങ്ങളാണ് നടന്നതെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.