കോട്ടയം : നിയന്ത്രണംവിട്ട കാർ ട്രെയിലർ ലോറിയിൽ ഇടിച്ച് എസ്.ഐയ്‌ക്കും കുടുംബത്തിനും പരിക്കേറ്റു. പാലാ തിടനാട് സ്റ്റേഷനിലെ എസ്.ഐയും തിരുവനന്തപുരം പുതിയതുറ സ്വദേശിയുമായ ആന്റണി ജോസഫ് (38), ഭാര്യ രമ്യ (26), മക്കളായ ആരോൺ (6), അമേയ (3 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുല‌ർച്ചെ രണ്ടോടെ എം.സി റോഡിൽ മാവിളങ് ജംഗ്ഷനിലായിരുന്നു സംഭവം.

കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേയ്‌ക്ക് പോകുകയായിരുന്നു എസ്.ഐയും കുടുംബവും സഞ്ചരിച്ച കാ‌ർ മാവിളങ്ങ് പെട്രോൾ പമ്പിനു സമീപത്തെ വളവിൽ വച്ച് എതിർദിശയിൽ നിന്നു എത്തിയ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്. ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിൽ ആംബുലൻസ് എത്തിച്ച് ഇവരെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ആന്റണി ജോസഫാണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് തടസപ്പെട്ട റോഡ് ഗതാഗതം അരമണിക്കൂറിനു ശേഷം പുന:സ്ഥാപിച്ചു. ചിങ്ങവനം പൊലീസ് കേസെടുത്തു.