കുറവിലങ്ങാട് : വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാതെ അധികൃതരുടെ അലംഭാവം. ഇതോടൊപ്പം ബസുകൾ തമ്മിലുള്ള മത്സരയോട്ടം ശക്തമായി നടക്കുന്നുണ്ട്. ഡ്രൈവർന്മാർക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന വാതിലുകളാണ് മിക്ക ബസുകളിലും നിലവിലുള്ളത്. അതിനാൽ ഒട്ടുമിക്ക ബസുകളിലും ക്ലീനറുമാരുമില്ല. ഇടവഴികളിലൂടെ സർവീസ് നടത്തുന്ന ബസുകൾ ഇവ എം.സി റോഡിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമാണ് ഡോർ അടയ്ക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്ക് കടിഞ്ഞാണിടാൻ അധികൃതർക്കും കഴിയുന്നില്ല. ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായും പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കുറവിലങ്ങാട് പൊലീസ് നടപടി സ്വീകരിച്ചിരുന്നു.
അദ്ധ്യയന വർഷം ആരംഭിക്കുമ്പോഴാണ് ബസുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അതിന് മുമ്പായി ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.