kevin

കോട്ടയം : കെവിന് നീന്തൽ വശമുണ്ടായിരുന്നെന്നും, കളിച്ചുവളർന്നത് മീനച്ചിലാറ്റിലാണെന്നും പിതാവ് ജോസഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. കെവിൻവധക്കേസിന്റെ രണ്ടാംഘട്ട വിചാരണയിലാണ് നിർണായകമൊഴി കോടതി രേഖപ്പെടുത്തിയത്. കെവിൻ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മീനച്ചിലാറിനു സമീപം നട്ടാശേരിയിലായിരുന്നു വീട്. ചെറുപ്പത്തിൽ തന്നെ കെവിൻ നീന്തൽ പഠിച്ചിരുന്നു. ഐ.ടി.ഐ പഠനത്തിന് ശേഷം കെവിൻ ഇല‌ക്ട്രീഷ്യനായി ഒരു വർഷം ഗൾഫിൽ ജോലി ചെയ്‌തിരുന്നുവെന്നും ജോസഫ് മൊഴി നൽകി.

നീനുവിനെ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് 2018 മേയ് 26 ന് പ്രായമായ ഒരു സ്ത്രീയും പ്രതികളുടെ ബന്ധുമായ നിയാസും വീട്ടിൽ എത്തിയിരുന്നു. കെവിനെ കാണാനില്ലെന്ന് കാട്ടി പരാതി നൽകാൻ ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് നീനുവിനെ ആദ്യമായി കാണുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയതായി വിവരം അറിയിച്ചിട്ടും എസ്.ഐ അടക്കമുള്ളവർ നടപടിയെടുത്തിട്ടില്ലെന്നും ജോസഫ് പറഞ്ഞു. കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷിനെയും, സിവിൽ പൊലീസ് ഓഫീസർ അജയകുമാറിനെയും, ഗാന്ധിനഗർ സ്റ്റേഷനിലെ ജിഡി ചാർജായിരുന്ന സണ്ണിമോനെയും കോടതി വിസ്‌തരിച്ചു. രാത്രിയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം കണ്ടിരുന്നതായി അജയകുമാർ മൊഴി നൽകി. വിചാരണ ഇന്നും തുടരും.