കോട്ടയം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ ജില്ലയുടെ വിവിധ മേഖലകളിൽ വൻതോതിൽ കുന്നിടിച്ച് നിരത്തുന്നതായി ആക്ഷേപം. റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കും, സർക്കാരിന്റെ വിവിധ പ്രോജക്ടുകൾക്കുമെന്ന പേരിലാണ് കുന്നിടിക്കൽ വ്യാപകമായിരിക്കുന്നത്.
പ്രതിദിനം രണ്ടായിരം ലോഡ് മണ്ണാണ് ജില്ലയിൽ നിന്നു അനധികൃതമായി കടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്.
തിരഞ്ഞെടുപ്പ് തിരക്കിനെ തുടർന്ന് പൊലീസും റവന്യു വകുപ്പും ജില്ലാ ഭരണകൂടവും പരിശോധനകളിൽ അയവ് വരുത്തിയതാണ് മണ്ണ് മാഫിയ പിടിമുറുക്കാൻ കാരണം.
വാകത്താനം, വൈക്കം, തലയോലപ്പറമ്പ്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലകളിലാണ് 'ഫോർ ഗവ.വർക്ക്" എന്ന ബോർഡ് സ്ഥാപിച്ച് വൻതോതിൽ കുന്നിടിയ്‌ക്കുന്നത്. വാകത്താനം പ്രദേശത്തെ വിവിധ സൈറ്റുകളിൽ രാത്രികാലങ്ങളിൽ നൂറിലധികം ടിപ്പർ ലോറികളാണ് അനധികൃതമായി മണ്ണെടുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് മണ്ണ് മാഫിയ സംഘം കൃത്യമായി മാസപ്പടി നൽകുന്നുണ്ടെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണ്ണ് ഖനനത്തിന് പാസ് നൽകുന്നത് നിറുത്തിവച്ച ജിയോളജി വകുപ്പാകട്ടെ ഇതൊന്നും കാണുന്നില്ല.
നടപടി കർശനമാക്കും
മണ്ണെടുപ്പ് തടയുന്നതിന് പരിശോധന കർശനമാക്കാൻ പൊലീസിനും, റവന്യു വകുപ്പിനും നിർദേശം നൽകും. അനധികൃതമായി മണ്ണെടുപ്പ് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
പി.കെ സുധീർ ബാബു
ജില്ലാ കളക്‌ടർ