ചങ്ങനാശേരി: നാടിനെ ഞെട്ടിച്ചുകൊണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ മൂന്ന് അപകടങ്ങളിൽ മരണത്തിനു കീഴടങ്ങിയത് ആറുപേർ. മരണത്തിനു കീഴടങ്ങിയവരിൽ നാല് ചങ്ങനാശേരി സ്വദേശികളും ആലുവ സ്വദേശികളും. ഒരാഴ്ച്ച മുൻപ് ചിങ്ങവനത്തു ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം ഉണ്ടായതും മാവിളങ്ങളിൽ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചതിന്റെയും ഞെട്ടൽ മാറുന്നതിനു മുൻപാണ് ഇത്തരത്തിലൊരു അപകടം. ഈ അപകടങ്ങൾക്ക് പിന്നിൽ എല്ലാം അശ്രദ്ധമായ ഡ്രൈവിംഗാണെന്നാണ് വിലയിരുത്തൽ. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ റോഡ് ചോരക്കളമായിമാറുന്നു.
ഇന്നലെ രാവിലെ വാഴൂർ റോഡിൽ
കാറുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. വാഴൂർ റോഡിൽ വലിയകുളത്ത് കാറുകൾ കൂട്ടിയിടിച്ചു കുരിശുംമൂട് പമ്പ്ഹൗസ് റോഡിൽ അറുപതിൽ പി.പി കുര്യൻ (കുഞ്ഞുമോൻ-72) മരിച്ചു. വലിയകുളത്ത് വച്ചു കാറിന്റെ ടയറിലെ കാറ്റ് പരിശോധിക്കുന്നതിനായി ഷോപ്പിൽ നിർത്തി. കാറ്റ് പരിശോധിയ്ക്കുന്നതു നോക്കിനിന്ന സമയത്ത് നിയന്ത്രണം തെറ്റി വന്ന കാർ മരത്തിലിടിച്ചശേഷം കുഞ്ഞുമോനെ തട്ടിതെറിപ്പിച്ചു. കാറിന്റെ ഗ്ലാസിനു മുകളിലേക്കു തലയിടിച്ചു വീണു മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല റോഡിൽ
അമ്പലപ്പുഴ റോഡിൽ വെട്ടുതോട് ക്‌നാനായ പള്ളിക്ക സമീപം ബൈക്കപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥി അൻഷാദ് അപകടത്തിൽ മരിച്ചു. അമ്പലപ്പുഴയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി തിരുവല്ല ഭാഗത്ത് നിന്നു പോകുകയായിരുന്ന ചങ്ങനാശേരി സ്വദേശി അൻഷാദ്(18) വളവു തിരിയുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകിട്ട് തൃശൂരിലെ പെരിഞ്ഞനത്ത്
ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. തൃശൂർ പെരിഞ്ഞനത്ത് ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം. ചങ്ങനാശേരി സ്വദേശിയായ മലംകുന്നം പ്രശാന്ത് ഭവനിൽ പ്രമോദിന്റെ ഭാര്യ നിഷ(33), മകൾ ദേവനന്ദ (3) ആലുവ സ്വദേശിയായ നിഷയുടെ പിതാവ് രാമകൃഷ്ണൻ, പ്രമോദിന്റെ സഹോദരിയുടെ മകൾ നിവേദിക എന്നിവരാണ് മരിച്ചത്.