ചങ്ങനാശേരി: മലകുന്നത്തെ പ്രശാന്ത് ഭവനത്തിലെ കളിച്ചിരികളും സന്തോഷങ്ങളും ഇനി ഇല്ല. തൃശൂർ പെരിഞ്ഞനത്ത് കാറും ലോറിയും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ നഷ്ടമായത് ഈ കുടുംബത്തിന്റെ സന്തോഷങ്ങളായിരുന്നു. മലകുന്നത്തെ വീട്ടിൽ ഇനി നിഷയുടെയും ദേവനന്ദയുടെയും കളിചിരികൾ ഇല്ല. പ്രമോദിനും മകൻ അഭിദേവിനും നഷ്ടമായത് തങ്ങളുടെ പ്രിയപ്പെട്ടവരായിരുന്നു. അഭിദേവിനു തന്റെ കുഞ്ഞനുജത്തിയോടൊപ്പമുള്ള നിമിഷങ്ങളും അമ്മ എന്ന സ്‌നേഹവും തണലുമാണ് നഷ്ടമായത്. ചങ്ങനാശേരി മലകുന്നം സ്വദേശി പ്രമോദിന്റെ ഭാര്യ നിഷയുടെയും മകൾ ദേവനന്ദയുടെയും മരണം മലകുന്നം നിവാസികൾക്കും വിശ്വസിക്കാനാകുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെ പ്രമോദും ബന്ധുക്കളും ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിലേക്ക് സഞ്ചരിക്കവേ ആയിരുന്നു അപകടം. ഇത്തിത്താനത്തു നിന്നും കുടുംബസമേതം ആലപ്പുഴയിലെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം ആലുവയിലെ ഭാര്യ വീട്ടിൽ പോയി. അവിടെനിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ പോയിമടങ്ങവേ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.