കോട്ടയം : കലാലയ മുത്തശ്ശിയായ സി.എം.എസ് കോളേജ് പഴമ നിലനിറുത്തി സുന്ദരിയാകാൻ അണിഞ്ഞൊരുങ്ങുകയാണ്. ക്രിസ്ത്യൻ മിഷനറിമാർ 200 വർഷം മുമ്പ് നിർമ്മിച്ച ഗ്രേറ്റ് ഹാളും, പ്രിൻസിപ്പൽ ക്വാർട്ടേഴ്സുമെല്ലാം പാരമ്പര്യത്തനിമ നിലനിറുത്തി മുഖംമിനുക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ പൈതൃകം അവകാശപ്പെടാവുന്ന പ്രശസ്ത കോളേജുകൾക്കുള്ള യു.ജി.സി ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപണികൾ നടത്തുന്നത്. ഗ്രേറ്റ് ഹാളിലെ പഴയ ഓടുകൾ മാറ്റി മേൽക്കൂരയിൽ അലുമിനിയം ഷീറ്റ് മേഞ്ഞ് അതിന് മുകളിൽ പട്ടിക നിരത്തി വീണ്ടും ഓടുകൾ പാകുന്ന ജോലിയാണ് നടക്കുന്നത്.

അലുമിനിയം ഷീറ്റായതിനാൽ മഴവെള്ളം ഓടുകൾക്കിടയിലൂടെ ഇറങ്ങി കഴുക്കോലും മറ്റും നശിക്കുന്നത് ഒഴിവാകുമെന്ന് പ്രിൻസിപ്പൽ ഡോ.റോയി സാം ഡാനിയൽ പറഞ്ഞു. തറയിലെ ടൈൽസും തൂണുകളുമെല്ലാം പൊതിഞ്ഞു കെട്ടിയാണ് നിർമ്മാണ ജോലികൾ നടത്തുന്നത്. അവധി കഴിഞ്ഞ് കോളേജ് തുറക്കുന്നതിന് മുൻപായി പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സി.എം.എസിലെ ആദ്യ പ്രിൻസിപ്പലായിരുന്ന ബെഞ്ചമിൻ ബെയ്‌ലിക്കായി ബ്രിട്ടീഷ് വാസ്തു ശില്പ മാതൃകയിൽ പണിത ഇരുനില ബംഗ്ലാവാണ് വിശാലമായ പ്രിൻസിപ്പൽ ക്വാർട്ടേഴ്സ്. കോൺക്രീറ്റ് തറക്ക് പകരം വലിയ തടികൾ പാകിയതാണ് രണ്ടാം നിലയിലുള്ള തറ. ബംഗ്ലാവിന്റെ ഒരു ഭാഗം ബെയ്‌ലി മ്യൂസിയമാക്കി മാറ്റി.ആദ്യകാല പ്രസും , ബൈബിൾ അച്ചടിക്കാൻ തടിയിൽ തീർത്ത അച്ചുകളും മറ്റുംചരിത്ര വിദ്യാർത്ഥികൾക്കായി സൂക്ഷിച്ചിട്ടുണ്ട്. ബെയ്‌ലി സായിപ്പ് കടുത്ത ആസ്തമ രോഗിയായിരുന്നതിനാലാണ് താമസത്തിന് അണ്ണാൻകുന്നിനു മുകളിൽ ബംഗ്ലാവ് പണിതത്. അന്ന് കാടുപിടിച്ചു കിടന്ന പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്നു. ബെയ്‌ലിയുടെ രണ്ടു ആൺമക്കളും പാമ്പ് കടിയേറ്റാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം സമീപത്തെ സി.എസ്.ഐ സെമിത്തേരിയിലാണ് സംസ്കരിച്ചത്. ഗോത്തിക് വാസ്തു ശില്പഭംഗിയോടെ പള്ളി മാതൃകയിലുള്ള കല്ലറയിലാണ് അടക്കിയതെക്കിലും സ്ഥലപരിമിതി കാരണം സമീപകാലത്ത് സെല്ലാർ പണിയുന്നതിനായി പള്ളി മുഖാരവം പൊളിച്ചു.

പ്രിൻസിപ്പൽമാരായി നിയമിക്കപ്പെടുന്നവർ താമസിക്കുന്നത് കാമ്പസിനുള്ളിലെ ഈ ബംഗ്ലാവിലാണ്. ഓടുകൾക്കിടയിൽ നിറയെ ഓട്ടു പാമ്പായതിനാൽ ഇവിടെ താമസിക്കാൻ പല പ്രിൻസിപ്പൽമാരും ഭയന്നിരുന്നു. ബംഗ്ലാവിന്റെ പല ഭാഗങ്ങളും മഴയത്ത് ചോരുന്നതിനാൽ ഓടുകളും കേടായ കഴുക്കോലുകളും മുഴുവൻ മാറ്റി. തടി പാകിയ മച്ചിന്റെ അറ്റകുറ്റപണികളും നടത്തി. മുഴുവൻ അറ്റകുറ്റപണികളും പൂർത്തിയാക്കി ചായം പൂശുന്നതോടെ സുന്ദരിയായിട്ടായിരിക്കും പുതിയ അദ്ധ്യയന വർഷത്തിലെത്തുന്ന കൗമാരക്കാരെ മനസിൽ എന്നും യൗവ്വനം കാത്തു സൂക്ഷിക്കുന്ന കലാലായ മുത്തശ്ശി തൊഴുകൈയോടെ സ്വീകരിക്കുക.