കുമരകം : അടുക്കളയിലെ 'രുചിമീനുകൾ' വംശനാശഭീഷണി നേരിട്ടതോടെ ഉൾനാടൻ മത്സ്യബന്ധന മേഖല കനത്ത പ്രതിസന്ധിയിൽ. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളിൽ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവും കായൽമലിനീകരണവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആറിനം മത്സ്യങ്ങൾ വംശനാശഭീഷണി നേരിടുമ്പോൾ, ഹൗസ് ബോട്ടുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു.
പ്രളയത്തിൽ ഒഴുകിയെത്തിയ മണലും ചെളിയും വേമ്പനാട്ട് കായലിന്റെ ആഴം കുറച്ചിട്ടുണ്ട്. 1974ൽ 16,000 ടൺ മത്സ്യസമ്പത്ത് വേമ്പനാട്ട് കായലിൽ നിന്ന് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 8,000 ടണ്ണായി ചുരുങ്ങി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണിൽ നിന്നു 600 ടണ്ണായി കുറഞ്ഞതും മത്സ്യസമ്പത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടെ നിന്ന് പിടിച്ച മീനുകളിൾ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിന്റെ അളവ് വർദ്ധിച്ചത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ കുറവുമൂലം ജില്ലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്.
വംശനാശ ഭീഷണി നേരിടുന്നത്
നാടൻ മുശി, കോല, വാളക്കൂരി, ആറ്റുവാള, ആരകൻ, വാഹവരാൽ
ലഭ്യത കുറഞ്ഞവ
വലിഞ്ഞിൽ, കൂരൽ, ആറ്റുകൊഞ്ച്, കാലൻ ചെമ്മീൻ, പൂമീൻ, കണമ്പ്, തിരുത, നഞ്ചുകരിമീൻ,
,കണമ്പ്, പ്രാഞ്ചി, ഒറത്തൽ, മാലാൻ,