ചങ്ങനാശേരി: ദിനംപ്രതി ആയിരക്കണക്കിനു ആളുകളും ബസുകളും എത്തുന്ന കറുകച്ചാൽ ബസ് സ്റ്റാൻഡ് സന്ധ്യമായങ്ങിയാൽ ഇരുട്ടിന്റെ പിടിയിൽ. സ്റ്റാൻഡിനുള്ളിൽ ലൈറ്റുകൾ ഇല്ലാത്തതാണ് ഇരുട്ടുവീഴാൻ കാരണം. ബസ് സ്റ്റാൻഡിനു മുന്നിലെ വാഴൂർ റോഡിനു സമീപത്തായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കത്തിയിട്ട് നാളുകളായി. എന്നാൽ, ഇതു തെളിഞ്ഞാലും സ്റ്റാൻിനുള്ളിൽ ഇരുട്ടു തന്നെയായിരിക്കും. ബസുകൾ പ്രവേശിക്കുന്ന ഭാഗം മുതൽ ബസ് സ്റ്റാൻഡ് വരെ വഴിവിളക്കുകളോ, ലൈറ്റുകളോ ഇല്ല. ഇവിടം പൂർണ്ണമായും ഇരുട്ടിലാണ്. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏകആശ്രയം. അടുത്തകാലത്ത് പണികഴിപ്പിച്ച പുതിയ കാത്തിരിപ്പുകേന്ദ്രത്തിലും ലൈറ്റുകൾ
സ്ഥാപിച്ചിട്ടില്ല. യാത്രക്കാർ ഇരുട്ടിൽ തപ്പിതടഞ്ഞ് ബസ് കാത്തു നില്ക്കേണ്ട സ്ഥിതിയാണ്. വൈകിട്ട് ഏഴു മുതൽ ഒൻപതു വരെ ബസ് കാത്തു നില്ക്കുന്ന യാത്രക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്.
സ്ത്രീകളടക്കമുള്ളവർ ഇരുട്ടിലും കടത്തിണ്ണകളിലും നില്ക്കേണ്ടിവരുന്നു. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ എട്ടരയോടെ അടയ്ക്കുകയും ചെയ്യും. കടകൾ അടച്ചാൽ ഇവിടെ പൂർണ്ണമായും ഇരുട്ടിലാകും. പുലർച്ചെയാകണം ഇവിടെ വെട്ടം വീഴാൻ. ഇരുട്ടിന്റെ മറവിൽ സ്റ്റാൻഡിലെ ടോയ്ലെറ്റിനു സമീപവും കാത്തിരിപ്പുകേന്ദ്രവും മദ്യപസംഘങ്ങളുടെ താവളമായി മാറും. സ്റ്റാൻഡിനുള്ളിൽ തമ്മിൽതല്ലും വാക്കേറ്റവും പതിവാണ്. ഇത്തരത്തിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ അടക്കിവാഴുന്ന ഇടമായി മാറുകയാണ് വെളിച്ചമില്ലാത്ത സ്റ്റാൻഡും പരിസരവും. അതിനാൽ, രാത്രികാലങ്ങളിൽ ഇവിടെ ലൈറ്റുകൾ തെളിയുന്നതിനും ലൈറ്റുകൾ ഇല്ലാത്ത ഭാഗത്ത് അവ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതിലുപരി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും പൊലീസ് പട്രോളിങും ശക്തമാക്കുകയും വേണമെന്ന ആവശ്യവും ഉയരുന്നു.