agriculture

കുറുപ്പന്തറ : കൊയ്തെടുത്ത നെല്ല് മില്ലുകാർ സംഭരിക്കാതെ വന്നതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് നെൽ കർഷകരാണ്. കൊയ്തെടുത്ത നെല്ല് പാടത്ത് കിടന്ന് നശിക്കുന്ന സ്ഥിതിയിലാണ്. ഇതോടെ പണം വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയുടെ വക്കിലും.

മാഞ്ഞൂർ കൃഷിഭവന് കീഴിലുള്ള മാഞ്ഞൂർ സൗത്ത് കൂരത്തോട് - പൊട്ടക്കരി പാടശേഖരത്തിലെ കൊയ്ത് എടുത്ത നെല്ല് ഒരു മാസത്തിലധികമായി പാടത്ത് കിടക്കുന്നു. 25 ടണ്ണോളം നെല്ലാണ് സംഭരിക്കാതെ കിടക്കുന്നത്. ഉണക്ക് പോരെന്നും പതിര് കൂടുതലാണെന്നും പറഞ്ഞാണ് മില്ലുകാർ നെല്ല് സംഭരിക്കാത്തത്. 100 കിലോ നെല്ലിന് ആറ് കിലോ കിഴിവ് നൽകണമെന്ന് കഴിഞ്ഞ ദിവസം എത്തിയ മില്ലുകാർ ആവശ്യപ്പെട്ടെങ്കിലും അത് കർഷകർ നിരസിക്കുകയും ചെയ്തിരുന്നു.

വേനൽ മഴ ആരംഭിച്ചതും കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ആക്കം കൂട്ടുന്നു. പലതവണയായി കർഷകർ ജനപ്രതിനിധികളുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ഇനിയും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെങ്കിൽ പ്രതിഷേധ നടപടികളിലേക്ക് നീങ്ങാനാണ് കർഷകരരുടെ തീരുമാനം.