കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയിൽ രോഗം ഉണ്ടായിരുന്നതായി ലാബ് റിപ്പോർട്ട്

തലയോലപ്പറമ്പ് : പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച തലയോലപ്പറമ്പ് വടയാർ കോരപുഞ്ചയിൽ ഉഷ സുഹൃത്ത് (59) ന് എച്ച്.വൺ എൻ.വണ്ണായിരുന്നുവെന്ന് പരിശോധന റിപ്പോർട്ട്. വെല്ലൂർ വയറോളജി ലാബിലേക്ക് അയച്ചു കൊടുത്ത രക്തസാമ്പിളുകളുടെ പരിശോധനാഫലം തിങ്കളാഴ്ചയാണ് കിട്ടിയത്. കഴിഞ്ഞ ഒമ്പതിനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പകർച്ച പനി സ്ഥിരീകരിക്കപ്പെട്ടതോടെ വടയാറിലും സമീപപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ഊർജ്ജിതമാക്കി. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ബിനാഷ ശ്രീധർ, ഹെൽത്ത് ഇൻസ്‌പെക്ടർ സോമശേഖരൻ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജീവ് കുമാർ, ഹർഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. പ്രദേശത്തെ 130 ഓളം വീടുകളിൽ വിവരശേഖരണം നടത്തി. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.