കോട്ടയം: നിയന്ത്രണം വിട്ട കാർ തലകുത്തി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ചങ്ങനാശേരി കുരിശുമ്മൂട് പതേയ്ക്കൽ ബാബു ജോസഫിന്റെ മകൻ മാത്യൂസ് (27), വെരൂർ കോട്ടപ്പുറം ഡെന്നിസ് ജോസഫ് (25) , ഇത്തിത്താനം ചിറ്റേട്ട് കളത്തിൽ കിഷോർ ജോണി (25) എന്നിവരാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ രാത്രി 10.55ന് എം.സി റോഡിൽ കോട്ടയം ടി.ബി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം നഗരത്തിൽ നിന്നും ഡെന്നിസിനെയും കയറ്റി ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ. ടി ബി ജംഗ്ഷനിൽ വളവിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ, രണ്ട് മൈൽ കുറ്റികൾ ഇടിച്ച് തെറിപ്പിച്ച് തല കീഴായി ഇട റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെടുത്തു. എല്ലാവർക്കും നിസാര പരിക്ക് മാത്രമാണ് ഉള്ളത്. കാറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിൽ പടർന്ന് ഒഴുകി. അഗ്നി രക്ഷാ സേന എത്തിയാണ് ഇത് കഴുകി വൃത്തിയാക്കിയത്.