rub

കോട്ടയം: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിലേറിയത് കർഷകർക്ക് ആശ്വാസമാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 100 രൂപയ്ക്കടുത്ത് തകർന്നുവീണ റബർ വില (ആർ.എസ്.എസ്-4) ഇപ്പോഴുള്ളത് 135 രൂപയിലാണ്. ഉത്‌പാദനച്ചെലവ് പോലും കിട്ടാത്തതിനാൽ ടാപ്പിംഗ് ഉപേക്ഷിച്ച കർഷകർ, വില കൂടിത്തുടങ്ങിയതോടെ വീണ്ടും ഉഷാറായി തോട്ടങ്ങളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നിലവിലെ ട്രെൻഡ് തുടർന്നാൽ, അടുത്തമാസം മദ്ധ്യത്തോടെ വില 140-142 രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം ആർ.എസ്.എസ്-4ന് വില 128 രൂപയായിരുന്നു.

ഉത്‌പാദനം കുറഞ്ഞതും ഡിമാൻഡ് കൂടിയതുമാണ് വില വർദ്ധനയ്ക്ക് വളമായത്. അവധിക്കച്ചവടക്കാർ അടുത്തമാസത്തെ വില നിശ്‌ചയിച്ചിരിക്കുന്നത് കിലോയ്ക്ക് 136 രൂപയാണ്. വിലക്കുറവ് മൂലം ഒട്ടേറെ കർഷകർ റബർ മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. ഇതോടെ, കേരളത്തിൽ ഉത്‌പാദനം കുറഞ്ഞതും വിലക്കുതിപ്പിന്റെ ആക്കം കൂട്ടി. മറ്റ് പ്രമുഖ ഉത്‌പാദക രാജ്യങ്ങളിലും ഉത്‌പാദനം നിർജീവമാണ്. അന്താരാഷ്‌ട്ര വിപണിയിലേക്കുള്ള റബറിന്റെ വരവ് കുറഞ്ഞതും വില വർദ്ധനയ്ക്ക് സഹായകമായി. ടോക്കിയോ വിപണിയിൽ (ടോക്കോം) വില കിലോയ്ക്ക് 197 യെന്നായി ഉയർന്നിട്ടുണ്ട്. റെക്കാഡ് വിലയാണിത്. ആർ.എസ്.എസ്-4ന് ബാങ്കോക്കിൽ വില 123 രൂപയാണ്. ചൈനയിൽ വില 118 രൂപ.

6.42 ലക്ഷം ടൺ

ഓരോ വർഷം കഴിയുന്തോറും ഇന്ത്യയിൽ റബർ ഉത്‌പാദനം ഇടിയുകയാണ്. 2008-09ൽ ഒമ്പത് ലക്ഷം ടണ്ണായിരുന്ന ഉത്‌പാദനം 2018-19ൽ 6.42 ലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു. വിലക്കുറവ് മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്നതാണ് പ്രധാന തിരിച്ചടി. കാലാവസ്ഥാ വ്യതിയാനവും ഉത്‌പാദനത്തെ ബാധിക്കുന്നുണ്ട്.