ചങ്ങനാശേരി : ഇത്തിത്താനം - ചാലച്ചിറ കല്ലുകടവ് റോഡിന്റെ ഒരുഭാഗത്ത് സംരക്ഷണഭിത്തി ഇല്ലാത്തത് കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു. കുറുപ്പശേരിൽ സോമൻ - ഷൈനി ദമ്പതികളുടെ കുടുംബമാണ് അപകടഭീതിയിൽ കഴിഞ്ഞുകൂടുന്നത്. ചാലച്ചിറ തോട്ടുപുറമ്പോക്കിൽ താമസിക്കുന്ന ഇവരുടെ വീടിന്റെ കുറച്ചുഭാഗം വരെ റോഡിന് സംരക്ഷണഭിത്തിയുണ്ട്. ബാക്കി ഭാഗം മഴക്കാലത്ത് മണ്ണിടിഞ്ഞ് വീണ് കുഴിയായിമാറി. അപരിചിതർ ഇതുവഴി വന്നാൽ കാലുതെറ്റി തോട്ടിൽ വീഴും. സമീപവാസികൾ വെട്ടുകല്ല് എടുത്ത് വച്ച് അപായസൂചന നൽകിയിട്ടുണ്ട്.
ചാലച്ചിറ - കല്ലുകടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ വശം ചേർന്നാണ് പോകുന്നത്. കണ്ണൊന്നുതെറ്റിയാൽ വാഹനം ചെന്നുപതിക്കുന്നത് തൊട്ടുതാഴെ സ്ഥിതിചെയ്യുന്ന വീടിന് മുകളിലേക്കാണ്. ഏതാനും വർഷം മുൻപ് സ്വകാര്യബസ് സമീപത്തെ മറ്റൊരു വീടിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കഴിഞ്ഞ കാലവർഷത്തിൽ സോമന്റെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് വീണെങ്കിലും നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചിട്ടില്ല. സംരക്ഷണഭിത്തി കെട്ടി കുടുംബത്തിന്റെയും ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണമെന്ന് സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.