പാലാ : രാജ്യം പത്മശ്രീ പുരസ്‌കാരം നല്കി ആദരിച്ച ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദയ്ക്ക് ജൂൺ 5 ന് ഇടപ്പാടിക്ഷേത്രത്തിൽ വിപുലമായ സ്വീകരണവും ആദരവും നല്കുമെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു. ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിൽ പങ്കെടുക്കാനാണ് സ്വാമി എത്തുന്നത്. ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മീനച്ചിൽ യൂണിയന് കീഴിലെ ശാഖകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 'ആനന്ദഷണ്മുഖ പ്രതിഭ' പുരസ്‌കാരം നല്കി അനുമോദിക്കും.
ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്രയോഗം, യുവജനസമിതി, മാതൃസമിതി എന്നിവയുടെ സംയുക്തയോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പാടിദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആനന്ദം 2019- അവധിക്കാല ക്യാമ്പിന്റെ അവലോകനവും നടത്തി. ഇടപ്പാടി ദേവസ്വം സെക്രട്ടറി ഒ.എം.സുരേഷ് ഇട്ടികുന്നേൽ, വൈസ് പ്രസിഡന്റ് സതീഷ് മണി, പി.എസ്. ശാർങ്ധരൻ, സജീവ് വയല, ടി.കെ ലക്ഷ്മിക്കുട്ടി, ചന്ദ്രമതി പാലമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.