കിടങ്ങൂർ : ''ആരോടു പറയാനാ... ? പഞ്ചായത്തിലാണെങ്കിൽ പറഞ്ഞ് പറഞ്ഞ് മടുത്തു. ഈ റോഡ് നന്നാക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമില്ല'' റിട്ട. അദ്ധ്യാപകൻ ചെമ്പകശ്ശേരിൽ സി.കെ.നാരായണന്റെ ഈവാക്കുകളാണ് ഭജനമഠം - ഒഴുകയിൽപ്പടി റോഡ് ഉപയോഗിക്കുന്ന ജനങ്ങളുടെ ആകെ അഭിപ്രായം.
കിടങ്ങൂർ പഞ്ചായത്തിലെ 9, 10 വാർഡുകൾ അതിരിടുന്ന ഭജനമഠം - ചെമ്പിളാവ് ഒഴുകയിൽപ്പടി റോഡിന് ഏഴുപതിറ്റാണ്ടോളം പഴക്കമുണ്ട്. എന്നാൽ ഈ പഞ്ചായത്ത് റോഡിനെ അധികാരികൾ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽനാടയാത്രയും അസാദ്ധ്യമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ കിടങ്ങൂർ പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം നിവേദനങ്ങൾ നല്കിയെങ്കിലും ഫലമുണ്ടായില്ല. ചെമ്പകശ്ശേരി ഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. രണ്ടുപതിറ്റാണ്ട് മുമ്പ് റിട്ട. അദ്ധ്യാപകൻ ചെമ്പകശ്ശേരിൽ സി.കെ നാരായണൻ കൈക്കാശ് മുടക്കിയാണ് ഈ ഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. അരലക്ഷത്തോളം രൂപ ഇതിനായി ചെലവഴിക്കേണ്ടി വന്നു.
സംരക്ഷണ ഭിത്തി കെട്ടുന്നതിനായി അടുത്തകാലത്ത് വാനം മാന്തിയിരുന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ ഈ വാനത്തിലേക്ക് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത് അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ ടാറിംഗ് ഇളകി മഴയിൽ മെറ്റലുകൾ ഒഴുകിപ്പരന്നിട്ടുള്ളത് ഇരുചക്ര വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ടാറിംഗ് നിശേഷം നശിച്ച റോഡ് ഇപ്പോൾ മണ്ണ് റോഡിന്റെ അവസ്ഥയിലാണ് പലയിടത്തും. ഒരുകോളനി നിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് റോഡ്. നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥയും അപകടാവസ്ഥയും മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.