കുമരകം: തണ്ണീർമുക്കം ബണ്ടിൽ കായലിന് മദ്ധ്യത്തിലെ മൺചിറ മാറ്റാൻ ടെൻഡർ നടപടി തുടങ്ങി. മഴയ്ക്ക് മുൻപ് മണ്ണ് നീക്കാൻ 68 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും ജൂൺ 15ന് മുൻപേ മണ്ണ് നീക്കം പൂർത്തിയാകൂയെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബണ്ടിന്റെ മദ്ധ്യത്തിൽ മൂന്നാം ഘട്ടം നിർമിക്കാൻ, മുൻപുണ്ടായിരുന്ന മൺചിറ മഴക്കാലത്തിന് മുൻപേ നീക്കണമെന്ന നിർദേശത്തെ തുടർന്നാണ് ജലസേചന വകുപ്പ് ടെൻഡർ നടപടി തുടങ്ങിയത്. നിലവിൽ മണ്ണിന് വേണ്ടി ബണ്ടിന്റെ മൂന്നാം ഘട്ടം നിർമിച്ച കരാറുകാരനും തണ്ണീർമുക്കം, വെച്ചൂർ പഞ്ചായത്തുകളും തമ്മിൽ തർക്കമുണ്ട്. കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ തൽക്കാലം മണ്ണ് മാറ്റുക മാത്രമേയുള്ളൂ. നീക്കുന്ന മണ്ണ് കോടതി വിധി വരുംവരെ വെച്ചൂരിൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് നിക്ഷേപിക്കും.കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാനാണ് അടിയന്തരമായി മണ്ണ് നീക്കുന്നത്. ബണ്ട് വഴിയുള്ള നീരൊഴുക്കിന് തടസമുണ്ടാക്കുന്ന മേൽഭാഗത്തെ മണ്ണ് മാത്രമേ തൽക്കാലം മാറ്റൂ. ബാക്കി കോടതിവിധിക്ക് ശേഷം നീക്കം ചെയ്യും.