vallam

തലയോലപ്പറമ്പ്: കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡായ മുണ്ടാർ നോർത്തിനെയും തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാർ തേവലക്കാട് ഭാഗത്തെ കന്യാക്കോണിനെയും ബന്ധിപ്പിച്ചുള്ള കടത്ത് കടവിൽ ഇരുഭാഗത്തെയും കടവുകൾ കല്ലുകെട്ടി പടവുകൾ തീർക്കാത്തത് അപകടങ്ങൾ പതിവാക്കുന്നു. പതിറ്റാണ്ടുകളായി മറുകരകടക്കുന്ന കുടുംബങ്ങൾ ആഴമേറിയ പുഴയോരത്ത് വള്ളമടുപ്പിച്ചു രണ്ടും കൽപിച്ചാണ് കരയിലേയ്ക്ക് കാൽ വയ്ക്കുന്നത്. വ്യദ്ധരും വിദ്യാർഥികളും വള്ളത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വീണു പരിക്കേൽക്കുന്നതും പതിവാണ്. 300 ഓളം കുടുംബങ്ങൾ താമസിക്കുന്ന മുണ്ടാർ നാലാം ബ്ലോക്കിനെയും തലയോലപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കരിയറിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് ആറ് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ നിവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഏകമാർഗം തലയോലപ്പറമ്പ് പഞ്ചായത്ത് വക കടത്ത് വള്ളം മാത്രമാണ്. കടത്ത് പണിമുടക്കിയാൽ കിലോമീറ്ററുകളോളം പുറം ബണ്ട് ചുറ്റി വേണം പ്രദേശവാസികൾ യാത്ര ചെയ്യാൻ. തലയോലപ്പറമ്പിൽ നിന്ന് തേവലക്കാടു വരെ ഗതാഗതയോഗ്യമായ റോഡുണ്ട്. വീതിയുള്ള പുഴയുടെ കുറുകെ പാലം തീർക്കാൻ കോടികൾ ചെലവഴിക്കേണ്ടി വരും.അതേസമയം വൈക്കം തോട്ടകം വാക്കേത്തറ കല്ലുപുര എത്തക്കുഴി റോഡ് യാഥാർഥ്യമായാൽ മുണ്ടാർ അഞ്ചാം ബ്ലോക്കിൽ കെവി കനാലിനു കുറുകെയുള്ള പാലവുമായി ബന്ധിപ്പിച്ചു ഒന്നരകിലോമീറ്റർ ദൂരം പുതിയ റോഡു തീർത്താൽമുണ്ടാർ നാലാം നമ്പർ ബ്ലോക്കിലെ നിർദ്ധന കുടുംബങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരമാകുന്നതോടൊപ്പം കാർഷിക മേഖലയ്ക്ക് അഭിവൃത്തിയും കൈവരിക്കാനാകും.പതിറ്റാണ്ടുകളായി ഈ ഭാഗത്ത് പാലം തീർക്കണമെന്ന് അവശ്യം നാട്ടുകാർ ഉന്നയിക്കാറുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേ സമയം നിരവധി തവണ താലൂക്ക് വികസന സെമിനാറിൽ പാലം ചർച്ചാ വിഷയമാവുകയും. പിന്നീട് പാലം നിർമ്മാണം കരട് ലിസ്റ്റിൽ പെടുത്തിയെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. കല്ല്‌ക്കെട്ടും പടവുകളും ഇല്ലാത്തതുമൂലം കഴിഞ്ഞ പ്രളയത്തിൽ ഇരുകരകളിലുമുള്ള തീരം ഇടിഞ്ഞതോടെ വള്ളംകരയ്ക്ക് അടുപ്പിക്കുന്നതിനും പ്രയാസമാണ്. ഓളമടിച്ച് തീരത്ത് പൊള്ളയായ പൊത്തുകൾ വീഴുന്നതും അത് ഇടിയുന്നതും ഭീഷണി വർദ്ധിപ്പിക്കുന്നു. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.സ്‌കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ നൂറ് കണക്കിന് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി തേവലക്കാട് മുണ്ടാർ നാലാം ബ്ലോക്കിലേയ്ക്കുള്ള കടത്തിന്റെ ഇരുകരകളിലും കരിങ്കൽ ഭിത്തി കെട്ടി കടവു തീർക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇതോടൊപ്പം തോട്ടകം കല്ലുപുര വാക്കേത്തറ എത്തകുഴി റോഡുമായി മുണ്ടാർ നാലാം ബ്ലോക്കിനെ ബന്ധിപ്പിച്ച് പുതിയ റോഡു നിർമ്മിക്കുന്നതിന് നടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യവും ശക്തമാണ്.