കോട്ടയം: കെവിൻ കേസിൽ 91-ാം സാക്ഷി സുനീഷും 92-ാം സാക്ഷി മുനീറും കൂറുമാറി. രണ്ടാം പ്രതി നിയാസ് മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നതായി കണ്ടില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. സുഹൃത്തും അയൽവാസികളുമായ ഇരുവരുമായിരുന്നു നിയാസിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സാക്ഷികൾ. നിയാസിന്റെ ഫോൺ പൊലീസിനെ ഏൽപ്പിച്ചത് കണ്ടെന്ന് ഇരുവരും അന്ന് മൊഴി നൽകിയിരുന്നു. ഇതോടെ ഇവർ കുറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ അലക്‌സ് പി. ചാക്കോ, ഹരികുമാർ എന്നിവരെയും ഇന്നലെ വിസ്തരിച്ചു. കെവിന്റെ കൈലി ഏഴാം പ്രതി പൊലീസിന് കാണിച്ചുകൊടുക്കുന്നത് കണ്ടതായി പഴയ കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമകൂടിയായ അലക്സ് പറഞ്ഞു. 10-ാം പ്രതി വിഷ്ണു വടിവാളുകൾ എടുത്തുകൊടുക്കുന്നത് കണ്ടതായി 87ാം സാക്ഷി ഹരികുമാർ പറഞ്ഞു. വാളുകൾ ഹരികുമാർ തിരിച്ചറിഞ്ഞു.