ഏറ്റുമാനൂർ : ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് കുന്നുകൂടുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് ദുരിതമാകുന്നു. കുടിവെള്ളസ്രോതസുകളടക്കം മലിനപ്പെട്ട് പ്രദേശം പകർച്ചാവ്യാധി ഭീഷണിയിലായിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതി പ്രകാരം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നു ശേഖരിച്ച മാലിന്യമാണ് നിർമ്മാർജ്ജനം ചെയ്യാതെ ബ്ലോക്ക് കാര്യാലയത്തിന് സമീപം കുന്നുകൂടിക്കിടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്, കോടതി, ഇലക്ട്രിസിറ്റി ബോർഡ്, കൃഷി ഓഫീസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും അനവധി വീടുകളുമുള്ള പ്രദേശത്താണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഈ മാലിന്യം മറ്റ് ഏജൻസികൾക്ക് കൈമാറാനോ റീ സൈക്കിൾ ചെയ്യാനോ ശ്രമിക്കുന്നില്ല. ഭക്ഷണ അവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിൽ കൊണ്ടിടുന്നതിനാൽ വെള്ളവും മലിനമായി. മാലിന്യപ്രശ്നത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ ആവശ്യപ്പെട്ടു.