കോട്ടയം: മദ്യലഹരിയിൽ റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. സംക്രാന്തി കൊച്ചടിച്ചിറയ്ക്ക് സമീപത്തെ ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിലെ തൊഴിലാളിയായ പുതുക്കോട്ട സ്വദേശി നാഗരാജ് (22) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 13ന് രാത്രി 8.30ന് കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്സ്‌പ്രസ് പാളത്തിൽ നിരത്തിയ കല്ലിൽ തട്ടി ഉലഞ്ഞിരുന്നു. വലിയ ശബ്ദം കേട്ട് ഗേറ്റ് കീപ്പറും ഓട്ടോറിക്ഷാ തൊഴിലാളികളും എത്തിയപ്പോഴേക്കും നാഗരാജ് ഓടി മറഞ്ഞു. ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഇവിടെ ജോലി ചെയ്യുന്ന നാഗരാജ് ശമ്പളക്കുടിശ്ശിക ലഭിച്ചപ്പോൾ മദ്യപിച്ച് തൊട്ടുടത്ത റെയിൽവേ ട്രാക്കിലെത്തി പാളത്തിൽ ചെരുപ്പ് വച്ചശേഷം കല്ലുകൾ നിരത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ആളുകൂടിയതോടെ സ്ഥലംവിട്ട ഇയാൾ ഇന്നലെ രാവിലെ താമസസ്ഥലത്തെത്തി തുണിയും മറ്റും എടുത്ത് തമിഴ്നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ആർ.പി.എഫ് അസി. സബ് ഇൻസ്പെക്ടർ അജയഘോഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.