കോട്ടയം: അതിബുദ്ധിയും എടുത്തുചാട്ടവും കാണിച്ചതിലൂടെ കൂടെ നിന്നവർ തന്നെ ജോസ് കെ. മാണിയെ
വെട്ടിലാക്കി. ജോസഫിനെ ലക്ഷ്യമാക്കി അയച്ച നിയമാസ്ത്രം തിരിച്ച് വന്ന് സ്വന്തം നെഞ്ചത്ത് കൊള്ളുന്ന സ്ഥിതിയിലായിരിക്കുകയാണ് ജോസ് കെ. മാണി.
കേരള കോൺഗ്രസ് (എം) താത്കാലിക ചെയർമാൻ പി.ജെ. ജോസഫിന് പാര പണിയാൻ വേണ്ടിയാണ് സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ ബി. മനോജ് കോടതിയിൽ കേസ് നൽകിയത്. മാണി വിഭാഗം അറിയാതെ ഇത്
നടക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവുന്നതാണ്. 28നാണ് തിരുവനന്തപുരം അഡിഷണൽ കോടതി ഇനി കേസ് പരിഗണിക്കുക. താത്കാലിക ചെയർമാൻ പി.ജെ. ജോസഫും ജനറൽ സെക്രട്ടറി ജോയ് എബ്രഹാമും അന്ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസിൽ തീർപ്പായ ശേഷമേ ഇനി ചെയർമാൻ തിരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടി ക്രമങ്ങൾ ആരംഭിക്കാനാവൂ. അതു വരെ ജോസഫിന് ചെയർമാൻ സ്ഥാനത്തു തുടരാനുള്ള അവസരമാണ് കേസിലൂടെ മാണി ഗ്രൂപ്പ് അങ്ങോട്ട് കൊണ്ട്ചെന്ന് കെെവെള്ളയിൽ നൽകിയത്. ഇത് മനസിലാക്കിയപ്പോഴേക്കും വെെകിപ്പോയി. ഇനി പഴി കേൾക്കലിൽ നിന്ന് തലയൂരാൻ ബി. മനോജിനെതിരെ ഉടൻ പാർട്ടി നടപടിയുണ്ടായേ പറ്റൂ. മുൻ ജോസഫ് ഗ്രൂപ്പുകാരനായ മനോജ് ഇപ്പോൾ ജോസ് കെ. മാണിയുടെ വിശ്വസ്തനാണ്.
കെ.എം. മാണി അനുസ്മരണ സമ്മേളനം നടന്ന ദിവസം തന്നെ കോടതി നടപടിക്ക് വഴിയൊരുക്കിയത് പാർട്ടി നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. നോട്ടീസ് നൽകി സംസ്ഥാന കമ്മിറ്റി വിളിച്ചു ഭൂരിപക്ഷ തീരുമാനത്തോടെ വേണം ചെയർമാനെ തിരഞ്ഞെടുക്കേണ്ടത്. തിരുവനന്തപുരത്ത് നടന്ന മാണി അനുസ്മരണ സമ്മേളനത്തിന്റെ മറവിൽ ചെയർമാനെ തിരഞ്ഞെടുക്കാൻ നീക്കം നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അനുസ്മരണ സമ്മേളനത്തിനിടെ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി നിർദ്ദേശവുമുണ്ടായി. ജോസഫ് തന്റെ സിൽബന്തികളെ വിളിച്ചു കൂട്ടി സ്വയം ചെയർമാനാകുമെന്ന് ഏതോ ഓൺലൈൻ വാർത്ത വിശ്വസിച്ചായിരുന്നു കോടതിയെ സമീപിച്ചത്. കെ.എം. മാണിയുടെ വില ഇപ്പോഴാണ് മനസിലായതെന്നാണ് ഇതേക്കുറിച്ച് കടുത്ത മാണി വിഭാഗക്കാർ പോലും പ്രതികരിക്കുന്നത്.
പാർട്ടി ഭരണഘടന അറിയാത്തവരുടെ നടപടി എന്നായിരുന്നു ഇതേക്കുറിച്ച് യോഗ ശേഷം ജോസഫിന്റെ പ്രതികരണം.