അയർക്കുന്നം: അതിരാവിലെ വീടിനുള്ളിൽ നിന്നും വീട്ടമ്മയുടെ മാല മോഷ്‌ടിച്ച ശേഷം രക്ഷപെട്ട പ്രതിയെ ഒരു മണിക്കൂറിനു ശേഷം പിടികൂടി. തിരുവഞ്ചൂർ വന്നല്ലൂർക്കര കോളനി മാങ്കുളിയിൽ ജയകൃഷ്ണനെയാണ് (25) അയർക്കുന്നം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ കൊങ്ങാണ്ടൂർ വഴിയമ്പലത്തുങ്കൽ മേരി ഫിലിപ്പിന്റെ മാലയാണ് പ്രതി മോഷ്‌ടിച്ചത്. പുലർച്ചെ വീടിന്റെ കതക് തുറന്ന് അകത്തു കയറിയ മോഷ്‌ടാവ് മേരിയുടെ മാല മോഷ്‌ടിച്ച ശേഷം രക്ഷപെടുകയായിരുന്നു. മാല പൊട്ടിക്കുന്നത് കണ്ട് മേരി ഞെട്ടിയുണർന്നെങ്കിലും മോഷ്‌ടാവ് മാലയുമായി രക്ഷപെട്ടു. വീട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, അയർക്കുന്നം എസ്.ഐ കെ.എ. മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ്

ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.