kerala-congress

കോട്ടയം: ''പി.ജെ.ജോസഫുമായി അഭിപ്രായ വ്യത്യാസമില്ല. ജോസഫ്സാർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക സംഘർഷത്തിലൂടെയാണ് ഞാൻ ഒരുനാൾ കടന്നുപോയതും അവസാനം പാർട്ടി വിട്ട് മറ്റൊരു കേരള കോൺഗ്രസ് രൂപീകരിക്കാൻ ഇടയായതും''- ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ഫ്ലാഷിനോട് പറഞ്ഞു.

''കേരള കോൺഗ്രസ്-എമ്മിൽ ചെയർമാൻ സ്ഥാനത്തെചൊല്ലിയുള്ള തർക്കം മറനീക്കി പുറത്തായിക്കഴിഞ്ഞു. അവരുടെ ആഭ്യന്തര പ്രശ്നമായതിനാൽ ഞാൻ പ്രതികരിക്കുന്നില്ല. ഇടപെടുന്നത് ശരിയല്ലതാനും. വല്യേട്ടൻ മനോഭാവം മാറ്റി, പാർട്ടിയിലുള്ളവരെ മാന്യരായി കണ്ട് യോജിച്ച് പ്രവർത്തിച്ചിരുന്നുവെങ്കിൽ കേരള കോൺഗ്രസ് കേരളത്തിലെ പ്രബല പാർട്ടിയായേനെയെന്നും അദ്ദേഹം പറഞ്ഞു.

മാണി ഗ്രൂപ്പിൽ സംജാതമായിട്ടുള്ള ഇപ്പോഴത്തെ സംഭവവികാസങ്ങൾ സസൂഷ്മം നിരീക്ഷിക്കുകയാണ് മറ്റ് കേരള കോൺഗ്രസ് പാർട്ടികൾ. കെ.എം മാണി അന്തരിച്ചതോടെ ചെയർമാൻ സ്ഥാനത്തിനായി പിടിവലി രൂക്ഷമായിരിക്കയാണ്. വർക്കിംഗ് ചെയർമാനായിരുന്ന പി.ജെ.ജോസഫിന് ചെയർമാന്റെ താത്കാലിക ചുമതല നല്കിയതിൽ അപാകതയില്ലെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമിന്റെ നിലപാട്. ഭരണഘടന അനുസരിച്ചാണ് ഇങ്ങനെ പ്രവർത്തിച്ചിരുന്നതെങ്കിലും ജോസ് കെ.മാണി ഇതിൽ നീരസം പ്രകടിപ്പിച്ചുകഴിഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിയായ ജോയി ഏബ്രഹാം സർക്കുലറിലൂടെയാണ് ജില്ലാ ഭാരവാഹികളെ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ.എം.മാണി അനുസ്മരണ യോഗത്തിൽ ചെയർമാനെ തിരഞ്ഞെടുത്തേക്കാം എന്ന ഭയപ്പാടിലാണ് ഔദ്യോഗിക വിഭാഗം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചത്.

പാർട്ടി ഭരണഘടന തലനാരിഴ കീറി പരിശോധിച്ച് തന്ത്രങ്ങൾ മെനയുകയാണ് ഇരുവിഭാഗവും. കെ.എം.മാണിയുടെ അനുസ്മരണ ചടങ്ങുകൾ ഇന്ന് അവസാനിക്കുന്നതോടെ ജോസ് കെ.മാണി സജീവമായി രംഗത്ത് എത്തും. ഇതോടെ ചിത്രം വീണ്ടും മറിഞ്ഞുതിരിയുമെന്നാണ് അറിയുന്നത്. ചുരുക്കത്തിൽ ചെയർമാൻ സ്ഥാനം പി.ജെ.യുടെ കൈകളിൽ അനന്തമായി നീണ്ടേക്കും.