പാലാ: ''ആദ്യം ഞാൻ പ്രസംഗിച്ചത് മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ വീട്ടിലെ റബർ മരങ്ങളോടാണ്... അവരായിരുന്നു എന്റെ ആദ്യ ശ്രോതാക്കൾ. ദേശീയതയും രാഷ്ട്രീയവുമൊക്കെ പത്തു പന്ത്രണ്ട് വയസുമുതലേ ഞാൻ പറഞ്ഞു തുടങ്ങിയത് കാതോർത്തു നിന്ന ആ മരങ്ങൾക്ക് മുന്നിലാണ് ''... സംഭവബഹുലമായ പൊതു ജീവിതത്തിലൂടെ കേരളമാകെ നിറഞ്ഞു നിന്ന 'മാണിസാർ' എഴുതിയ ആത്മകഥയുടെ തുടക്കമാണിത്.
കെ.എം. മാണി ആത്മകഥ എഴുതിയിരുന്നുവെന്ന വിവരം മകൻ ജോസ് കെ. മാണി എം.പിയും മരുമകൾ നിഷയും ആദ്യമായാണ് വെളിപ്പെടുത്തുന്നത്. മാണിയുടെ 41-ാം ചരമദിനത്തിൽ പാലാ മരിയാസദനിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ.
''പഴങ്കഞ്ഞി കുടിച്ചും ബസിൽ നിന്ന് 'ഉറങ്ങി 'യുമൊക്കെയാണ് ഞാൻ പൊതുജീവിതത്തിൽ സജീവമായത്. 1960കളിൽ അഭിഭാഷകൻ എന്ന നിലയിൽ എനിക്ക് നല്ല തിരക്കുണ്ടായിരുന്നു. ദിവസവും രാവിലെ കോടതിയിലെത്തി കേസൊക്കെ പൂർത്തിയാക്കി മൂന്നുമണിയാകുമ്പോഴേക്കും ഇറങ്ങും. പിന്നെ സ്റ്റഡി ക്ലാസിന് പോകും. സ്റ്റഡി ക്ലാസിന്റെ മീനച്ചിൽ താലൂക്കിലെ ക്യാപ്ടനായിരുന്നു ഞാൻ. തിരിച്ചെത്തുമ്പോഴേക്കും ബസ് പോയിരിക്കും. പിന്നെ ജീപ്പാണ് ആശ്രയം. പോക്കറ്റിലുള്ള വക്കീൽ ഫീസിന്റെ മുക്കാൽ പങ്കും ഡ്രൈവർക്ക് കൊടുക്കേണ്ടി വരും. രാത്രി രണ്ടുമണിക്കൊക്കെ വീട്ടിൽ ചെല്ലുന്നത് അമ്മയ്ക്ക് വിഷമമുണ്ടാക്കും. അമ്മ അറിയാതെ കുട്ടിയമ്മ അടുക്കളവാതിൽ തുറന്നു തരും. ഞാനും കുട്ടിയമ്മയും പഴങ്കഞ്ഞി കുടിച്ച് കിടക്കും. അതിരാവിലെ എഴുന്നേൽക്കും. ബസിൽ പാലായിലേക്ക്. ചിലപ്പോൾ ബസിൽ കൈപിടിച്ച് നിന്ന് ഉറങ്ങും. കുരിശുപള്ളിക്കവലയിൽ എത്തുമ്പോൾ കണ്ണു തുറക്കും. വക്കീൽഫീസാണ് എന്നെ ഭക്ഷണം തന്ന് രാഷ്ട്രീയക്കാരനാക്കിയത്. വക്കീൽഫീസെടുത്താണ് ആദ്യകാല തിരഞ്ഞെടുപ്പു കടങ്ങൾ വീട്ടിയതും ''- കെ.എം. മാണി കുറിക്കുന്നു.
ആത്മകഥയിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. രണ്ട് അദ്ധ്യാപകർക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ച ആത്മകഥ പലവട്ടം വായിച്ചു നോക്കി മാണി തെറ്റുകൾ തിരുത്തിയിരുന്നു.
''എത്രയും വേഗം അച്ചാച്ചന്റെ ആത്മകഥ പുസ്തമാക്കണം. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.'' ജോസ് കെ. മാണിയും നിഷയും പറഞ്ഞു.