കോട്ടയം: വേനൽചൂടിൽ വിയർത്തൊലിച്ച് വാട്ടർ അതോറിറ്റി. ഒരു ദിവസം 200 ലക്ഷം ലീറ്റർ വെള്ളമാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ആവശ്യമുള്ളത്. എന്നാൽ, പല ശുദ്ധജല സ്രോതസുകളും വറ്റിത്തുടങ്ങിയത് ജല അതോറിറ്റിയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്. ജലത്തിന്റെ ലഭ്യത കുറഞ്ഞതോടെ പമ്പിംഗിന്റെ ദൈർഘ്യവും ജല അതോറിറ്റി കുറച്ചിട്ടുണ്ട്.
ഏപ്രിൽ മുതൽ തന്നെ ജല അതോറിറ്റിയുടെ സ്രോതസുകളിലെ വെള്ളം വറ്റിത്തുടങ്ങിയിരുന്നു. പുതുപ്പള്ളിയിലെ പമ്പിംഗ് കേന്ദ്രത്തിലെ വെള്ളം വൻ തോതിൽ കുറഞ്ഞു തുടങ്ങിയതോടെ ഇവിടെ റീച്ചാർജിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മേയ് പകുതിയായതോടെ ഇതും കാര്യമായ ഫലം ചെയ്യുന്നില്ല. കോട്ടയം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വെള്ളമെത്തിക്കണമെങ്കിൽ ഒരു ദിവസം 100 ലക്ഷം മുതൽ 150 ലക്ഷം ലിറ്റർ വരെ വെള്ളം ആവശ്യമുണ്ട്. പാറമ്പുഴയിലെയും, പൂവത്തുംമൂട്ടിലെയും പമ്പ് ഹൗസുകളിൽ നിന്നാണ് വാട്ടർ അതോറിറ്റി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വെള്ളം എത്തിക്കുന്നത്. പൂവത്തുംമൂട്ടിലെ കിണറ്റിലെ ജലത്തിന്റെ അളവ് ഓരോ ദിവസം കഴിയും തോറും കുറയുകയാണ്. ഇത് കടുത്ത പ്രതിസന്ധിയാണ് വാട്ടർ അതോറിറ്റിയ്ക്ക് സൃഷ്ടിക്കുന്നത്.
വരൾച്ച നേരിടുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി ടാങ്കർ ലോറിയിൽ വെള്ളം നിറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. കുടിവെള്ള മാഫിയ ഈ വെള്ളം വിൽക്കാതിരിക്കുന്നതിനായി ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് വെള്ളം വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളം വിതരണം ചെയ്യുന്നത്. ഒരു ദിവസം അൻപതിനായിരം ലീറ്റർ വെള്ളമാണ് ടാങ്കറിൽ വിതരണം ചെയ്യുന്നത്. വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭയുടെ നാട്ടകം, കുമാരനല്ലൂർ പ്രദേശങ്ങളിലും ഈ രീതിയിലാണ് വെള്ളം എത്തിച്ചു നൽകുന്നത്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ജല വിതരണം അതിരൂക്ഷമാകുമെന്നാണ് വാട്ടർ അതോറിറ്റിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മറ്റുള്ള ജല സ്രോതസുകൾ കണ്ടെത്താൻ ഒരുങ്ങുകയാണ് വാട്ടർ അതോറിറ്റി.