jawan
ഏറ്റുമാനൂർ കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിൽ വിജിലൻസ് ഡി.വൈ.എസ്.പി എസ്.സുരേഷ്കുമാറിൻറെ നേതൃത്വത്തിൽ റെയ്ഡ് നടത്തുന്നു

കോട്ടയം: സ്വകാര്യ കമ്പനികളുടെ മദ്യ വിൽപ്പന കൂട്ടാൻ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപനശാലയിലെ ജീവനക്കാർക്ക് വൻ തുക കമ്മിഷൻ നൽകുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. ബെക്കാഡി മദ്യക്കമ്പനിയുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാരായ എറണാകുളത്തെ മഞ്ജുഷ ബിവറേജസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസിലും, ഏറ്രുമാനൂരിലെ കൺസ്യൂമർ ഫെഡ് ചില്ലറ വിൽപന ശാലയിലും വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഈ വിവരം.

മദ്യവിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഏറ്റുമാനൂർ കൺസ്യൂമർ ഫെ‌ഡ് ചില്ലറ വിൽപനശാലയിലെ ജീവനക്കാരൻ മാത്യുവിന് മ‌ഞ്ജുഷ ഗ്രൂപ്പ് നൽകിയ 5700 രൂപയുടെ ചെക്ക് വിജിലൻസ് സംഘം കണ്ടെത്തി. ഡിസ്‌പ്ലേ ചാർജ് എന്ന പേരിൽ സംസ്ഥാനത്തെ വിവിധ ബിവറേജിലെ ജീവനക്കാർക്ക് മഞ്ജുഷ ഗ്രൂപ്പ് ലക്ഷക്കണക്കിന് രൂപ നൽകുന്നുണ്ട്.

രണ്ടാഴ്‌ച മുൻപ് ജില്ലയിലെ വിവിധ ബിവറേജസ് കോ‌പ്പറേഷൻ ചില്ലറ വിൽപന ശാലകളിൽ വിജിലൻസ് കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിലാണ് ജവാൻ അടക്കമുള്ള ജനപ്രിയ ബ്രാൻഡുകൾ വിൽക്കാതെ മാറ്റി വയ്‌ക്കുന്നതായും, സ്വകാര്യ ബ്രാൻഡുകൾ വിൽക്കാൻ ജീവനക്കാർ കമ്മിഷൻ കൈപ്പറ്റുന്നതായും കണ്ടെത്തിയത്.

jawan
ഏറ്റുമാനൂർ കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിൽ വിജിലൻസ് ഡി.വൈ.എസ്.പി എസ്.സുരേഷ്കുമാറിൻറെ നേതൃത്വത്തിൽ റെയ്ഡ് നടത്തുന്നു

തുടർന്നാണ് ഇന്നലെ ഏറ്രുമാനൂരിലെ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നാണ് മാത്യുവിന് മഞ്ജുഷ ബിവറേജസ് നൽകിയ ചെക്ക് കണ്ടെത്തിയത്. ഈ മദ്യക്കമ്പനികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന മദ്യങ്ങളായ ജവാന്റെയും ഫാർമറിന്റെയും വിൽപ്പന ഈ ജീവനക്കാർ വെട്ടിക്കുറയ്‌ക്കുകയായിരുന്നു. ഏറ്റുമാനൂരിലെ കൺസ്യൂമർ ഫെഡ് ഷോപ്പിൽ നിന്നും ജവാന്റെ ഇന്റന്റ് പലപ്പോഴും അയക്കാറില്ലെന്നും വ്യക്തമായി.

ഇതേ തുടർന്ന് സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ മഞ്ജുഷ ബിവറേജസിന്റെ ഓഫീസിൽ റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് സംസ്ഥാനത്തെ വിവിധ ബിവറേജസ് കോ‌ർപ്പറേഷൻ ചില്ലറ വിൽപന ശാലകളിൽ ജീവനക്കാർക്ക് കമ്മിഷൻ ഇനത്തിൽ നൽകിയ ഒൻപത് ലക്ഷത്തോളം രൂപയുടെ രേഖകൾ കണ്ടെത്തി. സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ ഷോപ്പുകൾ വഴി 60 ഇനം മദ്യമാണ് വിതരണം ചെയ്യുന്നത്. ഈ മദ്യക്കമ്പനികളെല്ലാം ജീവനക്കാർക്ക് കമ്മിഷൻ നൽകുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിനോട് ശുപാർശ ചെയ്‌തേക്കും.