plavu
ഹോട്ടലിനുള്ളിൽ മൂന്ന് പതിറ്റാണ്ടായി സംരക്ഷിച്ചു പോരുന്ന വരിക്ക പ്ലാവിനരികിൽ വിജയന്റെ ഇളയ മകൻ ബിജു

വൈക്കം: ഉച്ച ഊണിനൊപ്പം ചക്ക തോരനും ചക്ക തീയലും മറ്റും ഉണ്ടാക്കാൻ ബ്രദേഴ്സ് ഹോട്ടലുടമ വിജയന് എങ്ങും പോകേണ്ട. ഹോട്ടലിനകത്തിരുന്നുതന്നെ വേണ്ടത്ര ചക്ക പറിച്ചെടുക്കാം. മുറിക്കുക, കറി വയ്ക്കുക അത്ര തന്നെ. കാരണം 150 വർഷത്തിലധികം പഴക്കമുള്ള ഒരു വരിയ്ക്കപ്ലാവ് ഈ ഹോട്ടലിനകത്തു തന്നെ ഉണ്ട്.

വീട്ടുവളപ്പിലെ വൃക്ഷങ്ങൾ വെട്ടിക്കളയാൻ വ്യഗ്രത കാട്ടുന്നവർക്കിടയിൽ പ്ലാവിനെ ഹൃദയത്തോട് ചേർത്തു പിടിക്കുകയാണ് ബ്രദേഴ്‌സ് ഹോട്ടൽ. വൈക്കം കൊച്ചു കവല- കച്ചേരിക്കവല റോഡിന് സമീപമുള്ള ഈ ഹോട്ടലിന് അകത്താണ് കണ്ണിന് പൊൻകണിയായി കായ്ച്ചു നിൽക്കുന്ന വരിയ്ക്കപ്ലാവ് . സ്ഥല ഉടമ വൈക്കം വാസനശ്ശേരിൽ വിജയന്റെ മുത്തച്ഛൻ രംഗ കമ്മത്ത് നട്ടുവളർത്തിയ പ്ലാവിന് 150 വർഷത്തിലധികം പ്രായമുണ്ടിപ്പോൾ. മൂന്ന് പതിറ്റാണ്ടു മുൻപ് വീടിനോട് ചേർന്ന് കട നിർമ്മിക്കാൻ ആലോചിച്ചപ്പോൾ പ്ലാവു മുറിച്ചുനീക്കാൻ കെട്ടിടംപണിക്കാരടക്കം പറഞ്ഞുവെങ്കിലും വൈകാരികമായി അടുപ്പമുള്ള പ്ളാവിനോട് ആ കടും കൈ ചെയ്യാൻ വിജയന് മനസുവന്നില്ല. ഒടുവിൽ പ്ലാവ് കടയ്ക്കുള്ളിൽ പരിരക്ഷിച്ച് നിർമ്മാണം പൂർത്തിയാക്കി വിജയന്റെ നേതൃത്വത്തിൽ മക്കളായ വിനോദും ബിജുവും ഹോട്ടൽ തുട‌ങ്ങി.

കടയ്ക്കുള്ളിൽ ഇപ്പോൾ ഒരു സീസണിൽ നൂറിലധികം ചക്കകൾ ഉണ്ടാകാറുണ്ട്. ചക്കയുടെ സീസണിൽ ഹോട്ടലിൽ ഉച്ച ഊണിനൊപ്പം ചക്ക തീയലും ചക്കത്തോരനും അവിയലും വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം ചക്ക അടയും പതിവാണ്. സ്വാദിഷ്ടമായ ചക്ക വിഭവങ്ങൾ ഇഷ്ടപ്പെട്ട് കടയിൽ നിരവധി പേർ എത്താറുണ്ടെന്ന് കട ഉടമ പറയുന്നു. കുറച്ചു കാലമായി ഈ വരിക്കപ്ലാവിൽ വിചിത്ര ആകൃതിയിലുള്ള ചക്കകളും ഉണ്ടാകാറുണ്ട്. ഇത്തവണ പറങ്കിമാങ്ങയുടേയും ശിവലിംഗത്തിന്റെയും ആകൃതിയിലുള്ള ചക്കകളാണ് ഉണ്ടായത്. ഈ വരിക്കപ്ലാവിനെ സംരക്ഷിക്കാനെടുത്ത തീരുമാനത്തെ കടയിലെത്തുന്നവർ ശ്ലാഘിക്കുമ്പോൾ വിജയൻ ഉള്ളിൽ പറയും: 'ഇത് വെറുമൊരു പ്ലാവല്ലല്ലോ, മുത്തച്ഛൻ നട്ടതല്ലേ" എന്ന്.