pj-joseph

കോട്ടയം: കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ പിടിമുറുക്കിയ താത്കാലിക ചെയർമാൻ പി.ജെ. ജോസഫിനെ ഭൂരിപക്ഷ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പിന്തുണയോടെ താഴെയിറക്കാനുള്ള നീക്കം ജോസ് കെ. മാണി വിഭാഗം ശക്തമാക്കി. ഇതിനായി അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ പാർട്ടി അംഗങ്ങളുടെ ഒപ്പു ശേഖരണം ആരംഭിച്ചു കഴിഞ്ഞു.

ചെയർമാൻ തിരഞ്ഞെടുപ്പിനെതിരെ കോടതിയിൽ നൽകിയ കേസ് നീണ്ടാൽ ജോസഫ് പാർട്ടിയിൽ കൂടുതൽ ശക്തനാകും. ഇത് മുൻകൂട്ടിക്കണ്ട്, തിരുവനന്തപുരം കോടതിയിൽ നൽകിയ കേസ് പിൻവലിപ്പിക്കാനും നീക്കമുണ്ട്. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ഇപ്പോൾ അധികാരം ജോസഫിനും ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനുമാണ്. കോടതി വിധി വരട്ടെ, അതുകഴിഞ്ഞാകാം കമ്മിറ്റി എന്ന നിലപാടിലാണ് ഇരുവരും. പാർട്ടി ഭരണഘടന അനുസരിച്ച് മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിക്കണം.

മാണിയുടെ മരണാനന്തര ചടങ്ങുകൾ തീർന്ന പതിനേഴാം തീയതി ജോസഫിനെയും ജോസ് കെ. മാണിയെയും ഒരു മേശയ്ക്കു ചുറ്റും ഇരുത്തി ഐക്യ ചർച്ചയ്ക്ക് സി.എഫ്. തോമസും ജോയ് എബ്രഹാമും ശ്രമിച്ചിരുന്നതാണ്. എന്നാൽ ഇവർ ജോസഫിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്ന് ജോസിനൊപ്പം നിൽക്കുന്നവർ പ്രചാരണം തുടങ്ങിയതോടെ ഐക്യനീക്കം പാളി.

മാണിയുടെ പിൻഗാമിയായി മകനാണ് ചെയർമാൻ സ്ഥാനത്ത് വരേണ്ടതെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാരെക്കൊണ്ടും ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെക്കൊണ്ടും പറയിപ്പിക്കാൻ ജോസിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതിനിടെ, മാണിയുടെ മരണ ശേഷം തന്നെ ചെയർമാനായി തിരഞ്ഞെടുത്ത് ജോയ് എബ്രഹാം ഇറക്കിയ സർക്കുലർ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഭൂരിപക്ഷ പിന്തുണയോടെ ജോസ് കെ. മാണി ചെയർമാനായാലും ഇത് നിയമക്കുരുക്കിന് വഴിയൊരുക്കും. ഈ സർക്കുലർ വന്നതോടെയാണ് ജോയ് എബ്രഹാം ജോസ് കെ. മാണി വിഭാഗത്തിന് അനഭിമതനായത്.

പാർട്ടിയിലെ ഭിന്നത യൂത്ത് ഫ്രണ്ടിലുമെത്തി. ജോയ് എബ്രഹാമിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട യൂത്ത് ഫ്രണ്ട് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോനോട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ വിശദീകരണം ആവശ്യപ്പെട്ടു. ഇത് ജോസഫിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് പ്രചാരണം.