vigilence-raid-beverages-

കോട്ടയം/ തിരുവനന്തപുരം: ബിവറേജസ്‌ കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വില്പനശാലകളിലെ ജീവനക്കാർക്ക് സ്വകാര്യ മദ്യക്കമ്പനികൾ കോടികൾ മാസപ്പടി നൽകുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അധിക വില ഈടാക്കുന്നതും കമ്മിഷൻ കുറവുള്ള മദ്യങ്ങളില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും വില കൂടിയ മദ്യക്കുപ്പികൾ പൊട്ടിയെന്ന് കാണിച്ച് കരിഞ്ചന്തയിൽ വിൽക്കുന്നതുമടക്കം ക്രമക്കേടുകളും 62 ഔട്ട്‌ലെറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

സംസ്ഥാനത്തെ 300 മദ്യവില്പനശാലകളിൽ ഒരു കമ്പനി മാത്രം കഴിഞ്ഞ മാസം നൽകിയ മാസപ്പടി 24.50 ലക്ഷം രൂപയാണ്. ഇത്തരത്തിൽ 60 പ്രമുഖ മദ്യക്കമ്പനികൾ മാസപ്പടി നൽകുന്നു. സർക്കാർ നിർമ്മിക്കുന്ന ജവാൻ, ഫാർമർ എന്നീ ബ്രാൻഡുകൾ സ്റ്റോക്കില്ലെന്ന് കള്ളം പറഞ്ഞ് സ്വകാര്യ കമ്പനികളുടെ മദ്യം കൂടുതലായി വിൽക്കുന്നതിനാണ് മാസപ്പടി. ഡിസ്‌പ്ലേ ചാർജ് എന്നാണ് മാസപ്പടിക്ക് പേര്.

ഏറ്റുമാനൂരിലെ കൺസ്യൂമ‌ർ ഫെഡിന്റെ മദ്യവില്പനശാലയിലും ബെക്കാഡി ബ്രാൻഡിലുള്ള മദ്യം വിതരണം ചെയ്യുന്ന കൊച്ചിയിലെ മഞ്‌ജുഷ ബിവറേജസ്‌ ലിമിറ്റഡിലും വിജിലൻസ് കോട്ടയം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മാസപ്പടിയുടെ കണക്കുകൾ പുറത്തായത്. ഏറ്റുമാനൂരിലെ പരിശോധനയിൽ മാത്യുവെന്ന സെയിൽസ്‌മാന് മഞ്ജുഷ ബിവറേജസ് നൽകിയ 5700 രൂപയുടെ ചെക്ക് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മഞ്ജുഷ ബിവറേജസിൽ നടത്തിയ പരിശോധനയിൽ മാത്യുവിന് 11 മാസങ്ങളിലായി 1.40 ലക്ഷം രൂപ നൽകിയതിന്റെ രേഖകൾ കണ്ടെത്തി.

വെട്ടിച്ച കാശ് സൂക്ഷിക്കാൻ വാടക കെട്ടിടം

പകുതിയോളം ഔട്ട്‌ലെ​റ്റുകളിലും വി​റ്റുപോയ മദ്യത്തിന്റെ വിലയെക്കാൾ കുറവായിരുന്നു കാഷ് കൗണ്ടറിലുള്ള തുക. ആകെ 1,12,000 രൂപയുടെ കുറവ് കണ്ടെത്തി.

ബില്ലിൽ വില രേഖപ്പെടുത്തിയ ഭാഗം കീറിക്കളഞ്ഞും മഷി തീർന്ന ടോണർ ഉപയോഗിച്ചു ബിൽ പ്രിന്റ് ചെയ്തും ഉപഭോക്താക്കളിൽ നിന്നു യഥാർത്ഥവിലയെക്കാൾ കൂടുതൽ ഈടാക്കുന്നു. ഈ തുക ഉദ്യോഗസ്ഥർ വാടകയ്ക്കെടുത്തിട്ടുള്ള കെട്ടിടത്തിലേക്കു മാ​റ്റും. ഔട്ട്‌ലെ‌റ്റുകളുടെ പരിസരത്തുള്ള കെട്ടിടങ്ങളിൽ ഇങ്ങനെ ഒളിപ്പിച്ച 33,000 രൂപയും വിജിലൻസ് കണ്ടെത്തി. 10 ഔട്ട്‌ലെ‌​റ്റുകളിൽ മദ്യം വി​റ്റ തുകയെക്കാൾ 13,000 രൂപ അധികം കണ്ടെത്തി. മദ്യം പൊതിയാൻ പേപ്പർ നൽകാതെ വരെ വെട്ടിപ്പ് നടത്തുന്നു. 0.75 ശതമാനം ബോട്ടിൽ പരമാവധി പൊട്ടാൻ സാദ്ധ്യതയുള്ളതായി കണക്കാക്കിയിട്ടുണ്ട്. എല്ലാ മാസവും ഇത്രയും കുപ്പികൾ പൊട്ടുന്നുണ്ടെന്ന് കാണിച്ച് തുക വെട്ടിച്ചതായും കണ്ടെത്തി.

ഒൗട്ട്‌ലെറ്റിൽ കാമറ വയ്ക്കാൻ ശുപാർശ

മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഔട്ട്‌ലെ​റ്റുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ നൽകും. സെൽഫ് സർവീസ് കൗണ്ടറുകളുള്ള മദ്യവില്പനശാലകളിൽ മാത്രമാണ് ഇപ്പോൾ കാമറകളുള്ളത്. ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും നിരീക്ഷിക്കാനാകുന്ന തരത്തിലായിരിക്കണം കാമറകൾ സ്ഥാപിക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഇവ നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത സംവിധാനമൊരുക്കണം. കാമറകൾ സ്ഥാപിക്കാൻ നേരത്തേ ആലോചിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്ന് നടപ്പിലായില്ല.

മദ്യവില്പനശാലകളിലെ ജീവനക്കാർ വ്യാപക ക്രമക്കേടാണ് നടത്തി വരുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക്ക് സർക്കാരിന് ശുപാർശ സമർപ്പിക്കും

- അനിൽകാന്ത്, വിജിലൻസ് ഡയറക്ടർ