കടുത്തുരുത്തി : സഹകരണ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നിട്ട് നാളുകളേറെയായിട്ടും നന്നാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. കടുത്തുരുത്തി ജംഗ്ഷനിൽ നിന്ന് സഹകരണ ആശുപത്രിയിലേക്കുള്ള ഒരേയൊരു റോഡാണ് യാത്ര ചെയ്യാനാകാത്ത വിധം തകർന്നത്. ടാറിംഗ് പൊട്ടി പൊളിഞ്ഞിളകിയ ഈ റോഡിൽ കാൽനടയാത്രപോലും ദുഷ്‌കരമാണ്. ടാറിംഗ് തകർന്ന് മിക്കയിടത്തും ചെറുതും വലുതുമായ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ചിലഭാഗങ്ങളിൽ മെറ്റിലും മറ്റും ചിതറിക്കിടക്കുന്ന നിലയിലാണ്. റോഡിലെ അസഹ്യമായ പൊടിശല്യവും യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. ദിനംപ്രതി ആശുപത്രിയിലേക്കുള്ള നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന നിരവധി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും കണക്കിലെടുക്കാതെ നിരവധി പേർ വാഹനങ്ങളും പാർക്ക് ചെയ്തിട്ടുണ്ട്. ഇത് ആശുപത്രിയിലേക്കുള്ളവരെ ഏറെ വലയ്ക്കുന്നുണ്ട്. അടിയന്തരമായി തകർന്ന റോഡ് പുനർനിർമിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അടിക്കുറിപ്പ്---- കടുത്തുരുത്തി സഹകരണ ആശുപത്രിയിലേക്കുള്ള റോഡ് തകർന്ന നിലയിൽ